നമ്പര്‍പ്ളേറ്റുകള്‍ മനപ്പൂര്‍വം നശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ക്കശ നടപടി
text_fieldsമസ്കത്ത്: ട്രാഫിക് പിഴ ഒഴിവാക്കുന്നതിനായി വാഹനത്തിന്‍െറ നമ്പര്‍പ്ളേറ്റുകള്‍ ബോധപൂര്‍വം കേടുവരുത്തുന്നവര്‍ക്കെതിരെ നടപടി കര്‍ക്കശമാക്കി പൊലീസ്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പിടിയിലാകുന്നവര്‍ക്കെതിരെ പീനല്‍ കോഡിലെ ആര്‍ട്ടിക്ക്ള്‍ 199 പ്രകാരമാണ് പൊലീസ് കുറ്റം ചുമത്തുക. മോഷണം, കള്ളക്കടത്ത്, കൊള്ളിവെപ്പ് എന്നിവക്ക് സമാനമായ കുറ്റകൃത്യമായാണ് നമ്പര്‍പ്ളേറ്റുകള്‍ കേടുവരുത്തുന്നതിനെ പൊലീസ് പരിഗണിക്കുന്നത്.
പിടിയിലാകുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരെ 48 മണിക്കൂര്‍ ജയിലിലടച്ചശേഷം വിചാരണക്കായി പബ്ളിക് പ്രോസിക്യൂഷനിലേക്ക് കൈമാറുമെന്ന് ആര്‍.ഒ.പി ട്രാഫിക് ഓപറേഷന്‍സ് വിഭാഗം ഡയറക്ടര്‍ അബ്ദുല്ലാഹ് അല്‍ ഫാര്‍സി പറഞ്ഞു. വാഹനം പൊലീസ് കണ്ടുകെട്ടുകയും ചെയ്യും. 235 പേരെ ഇത്തരം കേസില്‍ അടുത്തിടെ പിടികൂടിയിരുന്നു. കൂടുതല്‍ പേരും ഫൈന്‍ ഒഴിവാക്കുന്നതിനായാണ് ഇങ്ങനെ ചെയ്തത്.
മോഷ്ടിച്ച വാഹനങ്ങളുമായി പോയവരും മുമ്പ് ക്രിമിനല്‍ കേസുകളില്‍ അകപ്പെട്ടവരും പിടിയിലായവരിലുണ്ട്. റഡാറിന്‍െറ കണ്ണുവെട്ടിക്കുന്നതിനായി നമ്പര്‍പ്ളേറ്റുകളില്‍ അലങ്കാരപ്പണി നടത്തുന്നവരും ഉണ്ട്.
ചിലര്‍ ഓയിലിന് സമാനമായ വസ്തു പുരട്ടുമ്പോള്‍ ചിലര്‍ വശങ്ങള്‍ പൊട്ടിച്ചുകളയുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നവരില്‍ ബഹുഭൂരിപക്ഷവും അമിതവേഗതക്കും ചുവപ്പ് സിഗ്നല്‍ മറികടന്നതിനും ശിക്ഷ ലഭിച്ചവരായിരിക്കും.
ആര്‍.ഒ.പിയുടെ കര്‍ക്കശ നടപടികളെ തുടര്‍ന്ന് വാഹനാപകടങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. 2014ല്‍ 6,717 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്ത് കഴിഞ്ഞവര്‍ഷം 6,276 അപകടങ്ങളാണുണ്ടായത്. 2014ല്‍ 816 പേരും കഴിഞ്ഞവര്‍ഷം 675 പേരുമാണ് വാഹനാപകടങ്ങളില്‍ മരിച്ചത്.