മത്രയില്‍ തീപിടിത്തം: രണ്ടു ഗോഡൗണുകള്‍ കത്തിനശിച്ചു
text_fieldsമസ്കത്ത്: മത്ര സൂഖില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ രണ്ട് ഗോഡൗണുകള്‍ കത്തിനശിച്ചു. സൂഖിനകത്തെ മൂന്നുനില കെട്ടിടത്തിന്‍െറ താഴത്തെ നിലയിലാണ് തീപടര്‍ന്നത്. മുകളില്‍ താമസിക്കുന്ന മലയാളി കുടുംബങ്ങളിലെ എട്ടു പേര്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടിയതിനെ തുടര്‍ന്നുള്ള പരിക്ക് മൂലവും പുക ശ്വസിച്ചതിനെ തുടര്‍ന്നുള്ള ബുദ്ധിമുട്ട് മൂലവും ആശുപത്രിയില്‍ ചികിത്സ തേടി. മൂന്നു കുടുംബങ്ങളിലും ബാച്ച്ലര്‍ റൂമിലുമായി 15ഓളം പേരാണ് ഈ കെട്ടിടത്തില്‍ താമസിച്ചിരുന്നത്.
രാത്രി നമസ്കാരത്തിനായി എഴുന്നേറ്റപ്പോഴാണ് പുകയുയരുന്നത് ശ്രദ്ധയില്‍പെട്ടതെന്ന് കെട്ടിടത്തിലെ താമസക്കാരനായ കണ്ണൂര്‍ സ്വദേശി ഉനൈസ് പറഞ്ഞു. ഉടന്‍ മറ്റു താമസക്കാരെ വിവരമറിയിച്ചു. ചിലര്‍ ബാല്‍ക്കണിയില്‍നിന്ന് ചാടി രക്ഷപ്പെട്ടു. ഒരു കുടുംബത്തെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ എത്തിയശേഷമാണ് രക്ഷപ്പെടുത്തിയത്. ക്രെയിനുകളും കോണികളും ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. തീപിടിച്ച് അധികം വൈകാതെ അറിഞ്ഞതിനാലാണ് വന്‍ അപകടം ഒഴിവായത്. തീ പൂര്‍ണമായി അണച്ച് വൈകുന്നേരത്തോടെയാണ് താമസക്കാരെ കെട്ടിടത്തിലേക്ക് പ്രവേശിപ്പിച്ചത്. കരിപിടിച്ചും മറ്റും താമസയോഗ്യമല്ലാത്ത നിലയിലാണ് മുകളിലെ മുറികള്‍.
അതിനാല്‍, എല്ലാവരും മറ്റിടങ്ങളിലേക്ക് താമസം മാറുകയാണെന്നും ഉനൈസ് പറഞ്ഞു. ഗുജറാത്ത് സ്വദേശി ജോഷിയുടെ പെര്‍ഫ്യൂം ഗോഡൗണിനാണ് ആദ്യം തീപിടിച്ചത്. ഇവിടെനിന്ന് തീ ചാവക്കാട് സ്വദേശി കബീറിന്‍െറ ബാഗ് ഗോഡൗണിലേക്ക് പകരുകയായിരുന്നു. രണ്ടു ഗോഡൗണുകളും പൂര്‍ണമായി കത്തിനശിച്ചു. സമീപത്തെ മറ്റു മൂന്നു ഗോഡൗണുകള്‍ക്ക് ചെറിയ നാശനഷ്ടങ്ങളുണ്ട്.
പെര്‍ഫ്യൂം പോലുള്ള സാധനങ്ങള്‍ ആയിരുന്നതിനാല്‍ ആളിപ്പടര്‍ന്ന തീ നിയന്ത്രണവിധേയമാക്കാന്‍ ഏറെ പാടുപെട്ടു. ഉച്ചക്ക് ഒരു മണിക്ക് ശേഷമാണ് തീ പൂര്‍ണമായും അണക്കാന്‍ കഴിഞ്ഞത്.
വാഹനങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത ഇടുങ്ങിയ പ്രദേശമായതിനാല്‍ മത്രയില്‍ നിന്ന് കോര്‍ണിഷിലേക്കുള്ള റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടായിരുന്നു രക്ഷാപ്രവര്‍ത്തനം. മൂന്നു യൂനിറ്റ് ഫയര്‍ഫോഴ്സാണ് രക്ഷാപ്രവര്‍ത്തനത്തിനത്തെിയത്. ഈ വഴിക്കുള്ള വാഹനങ്ങളെ ഒമാന്‍ ഹൗസിന് സമീപത്തുനിന്ന് വഴിതിരിച്ചുവിട്ടു. തീപിടിത്തത്തില്‍ എത്ര തുകയുടെ നഷ്ടമുണ്ടെന്നത് ഇതുവരെ അറിയാന്‍ കഴിഞ്ഞിട്ടില്ല. ഫെബ്രുവരി ആദ്യം തീപിടിത്തമുണ്ടായ ഇരിക്കൂര്‍ സ്വദേശി മര്‍സൂഖിന്‍െറ പെര്‍ഫ്യൂംസ് വെയര്‍ഹൗസ് ഇതിനടുത്താണ്. രണ്ടു ലക്ഷത്തിലധികം റിയാലിന്‍െറ നഷ്ടമാണ് ഫെബ്രുവരിയിലെ തീപിടിത്തത്തിലുണ്ടായത്. വേനല്‍ചൂട് കടുത്തതോടെ തീപിടിത്തങ്ങളും വ്യാപകമായിട്ടുണ്ട്.
കഴിഞ്ഞദിവസം അല്‍ ഖുവൈറില്‍ ഒരു ട്രക്കിന് തീപിടിച്ചിരുന്നു. കഴിഞ്ഞവര്‍ഷത്തെ ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്‍െറ കണക്കനുസരിച്ച് ഓരോ മൂന്നു മണിക്കൂറിലും ഒരു തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തിരുന്നു.