ഒമാനിലെ സലാലയിൽ മലയാളി നഴ്സ് കുത്തേറ്റ് മരിച്ചു
text_fieldsസലാല: ഒമാനിലെ സലാലയിൽ മലയാളി നഴ്സ് മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചു. എറണാകുളം അങ്കമാലി കറുകുറ്റി സ്വദേശി അസീസി നഗറിൽ തെക്കേതിൽ ഐരുകാരൻ റോബർട്ടിന്‍റെ മകൾ ചിക്കു റോബർട്ടാണ് (27) മരിച്ചത്. ഇവർ മൂന്ന് മാസം ഗർഭിണിയായിരുന്നു. ബുധനാഴ്ച്ച രാത്രി 10 മണിയോടെയാണ് സലാല ടൗണിലെ താമസസ്ഥലത്ത് ചിക്കുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബദർ അൽ സമ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായ ഇവർ 10 മണിക്ക് ജോലിക്ക് എത്താത്തതിനെ തുടർന്ന് ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഭർത്താവ് ലിൻസൺ അന്വേഷിച്ച് ചെല്ലുമ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ചിക്കുവിനെ കാണുന്നത്. ചെവി അറുത്ത് ആഭരണങ്ങൾ കവർന്ന നിലയിലായിരുന്നു. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലും മാരക മുറിവുകളുണ്ട്. കവർച്ചാ ശ്രമത്തിനിടെ കുത്തേറ്റ് രക്തം വാർന്ന് മരിച്ചതാണെന്ന് കരുതുന്നു.
നാല് വർഷമായി ഇവർ സലാലയിൽ ജോലി ചെയ്ത് വരികയാണ്. ചങ്ങനാശ്ശേരി സ്വദേശിയാണ് ഭർത്താവ് ലിൻസൻ. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ്: സാബി, സഹോദരി: സയന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
