വേട്ടയാടല്‍ വന്യമൃഗങ്ങള്‍ക്ക് ഭീഷണിയാകുന്നു
text_fieldsമസ്കത്ത്: വേട്ടയാടലും അസന്തുലിതമായ കൃഷിരീതികളും രാജ്യത്തെ വന്യമൃഗസമ്പത്തിന് ഭീഷണിയാകുന്നു. സംരക്ഷണത്തിന് ഒരറ്റത്ത് തീവ്രശ്രമങ്ങള്‍ നടക്കുമ്പോള്‍ മറുവശത്ത് വേട്ടയാടലും തകൃതിയാണെന്ന് ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ടിലെ പരിസ്ഥിതികാര്യ വിഭാഗം മാനേജിങ് ഡയറക്ടര്‍ ഡോ. മന്‍സൂര്‍ അല്‍ ജഹ്ദാമി അറിയിച്ചു. കഴിഞ്ഞവര്‍ഷം അറേബ്യന്‍ ഗസെല്ളെയും ന്യൂബിയന്‍ ഇബെക്സുമടക്കം വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ വേട്ടയാടാന്‍ 50ഓളം ശ്രമങ്ങള്‍ നടന്നു.
ഏപ്രില്‍ ആദ്യത്തിലാണ് ഇത്തരത്തിലുള്ള അവസാനത്തെ സംഭവമുണ്ടായത്. അല്‍ വുസ്ത ഗവര്‍ണറേറ്റിലെ മഹൂത്തില്‍ സ്വദേശികള്‍ രണ്ട് അറേബ്യന്‍ ഗസെല്ളെകളെ വേട്ടയാടുകയും ഒരെണ്ണത്തിനെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു. എന്‍വയണ്‍മെന്‍റ് റേഞ്ചര്‍മാരും പൊലീസും സംയക്തമായി നടത്തിയ നീക്കത്തില്‍ വേട്ടക്കാരെ പിടികൂടിയിരുന്നു.
വന്യമൃഗങ്ങളെ വേട്ടയാടുന്നത് ചിലയിനം ജീവികളുടെ വംശനാശത്തിന് കാരണമാകുമെന്ന് ഡോ. ജഹ്ദാമി പറഞ്ഞു. അറേബ്യന്‍ പുള്ളിപ്പുലി വംശനാശ ഭീഷണിയുടെ നിഴലില്‍നില്‍ക്കുന്ന മൃഗമാണ്. അറേബ്യന്‍ ഒറിക്സ് എന്നയിനം മാന്‍ അനിയന്ത്രിതമായ വേട്ടയുടെ ഫലമായി 1970 കളില്‍ വംശനാശ ഭീഷണിയുടെ വക്കില്‍ എത്തിയതാണ്.
കൃത്രിമമായ പ്രജനന മാര്‍ഗങ്ങളിലൂടെയും മറ്റുമാണ് ഇവയുടെ വംശം നിലനിര്‍ത്തിയത്. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാന്‍ പാടില്ല. അസന്തുലിതമായ കൃഷിരീതി മൂലം ചില സസ്യയിനങ്ങള്‍ വംശനാശത്തിന്‍െറ വക്കിലാണെന്നും അല്‍ ജഹ്ദാമി പറഞ്ഞു. രാജ്യത്തെ അപൂര്‍വ സസ്യജാലങ്ങളെയും മൃഗങ്ങളെയും സംരക്ഷിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ സദാ തയാറാണ്. ശ്രദ്ധയില്‍പെടുന്ന നിയമലംഘനങ്ങള്‍ ആര്‍.ഒ.പിയുടെയും പബ്ളിക് പ്രോസിക്യൂഷന്‍െറയും ശ്രദ്ധയില്‍പെടുത്തുകയാണ് ചെയ്യുന്നതെന്നും അല്‍ ജഹ്ദാമി പറഞ്ഞു.