സൂറില്‍ കൃത്രിമ പവിഴപ്പുറ്റ് നിര്‍മാണപദ്ധതിക്ക് തുടക്കം
text_fieldsസൂര്‍: സൂറില്‍ കൃത്രിമ പവിഴപ്പുറ്റ് നിര്‍മാണ പദ്ധതിക്ക് തുടക്കമായി. വിലായത്തിലെ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതിയാരംഭിക്കുന്നത്. സൂര്‍ വാലി ശൈഖ് മുസല്ലം ബിന്‍ സെയ്ദ് അല്‍ മഹ്റൂഖിയുടെ രക്ഷാകര്‍തൃത്വത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. കാര്‍ഷിക ഫിഷറീസ് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഹമദ് ബിന്‍ സെയ്ദ് അല്‍ ഒൗഫിയും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
കാര്‍ഷിക ഫിഷറീസ് മന്ത്രാലയത്തിന് കീഴിലുള്ള പദ്ധതിക്ക് ഒമാന്‍ ഇന്ത്യ ഫെര്‍ട്ടിലൈസര്‍ കമ്പനിയാണ് ധനസഹായം നല്‍കുന്നത്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ വിലായത്തിലെ പ്രകൃതിദത്ത മത്സ്യസമ്പത്തില്‍ 65 ശതമാനം വര്‍ധനയാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അധികൃതര്‍ അറിയിച്ചു.
10 ടണ്‍ റീഇന്‍ഫോഴ്സ്ഡ് കോണ്‍ക്രീറ്റ് ഉപയോഗിച്ച് നിര്‍മിച്ച 25 യൂനിറ്റുകളാണ് പദ്ധതിയുടെ ഭാഗമായി കടലില്‍ സ്ഥാപിക്കുക. ഗവര്‍ണറേറ്റിലെ ഇത്തരത്തിലുള്ള രണ്ടാമത്തെ പദ്ധതിയാണ് ഇതെന്ന് ഫിഷറീസ് അഫയേഴ്സ് വിഭാഗം മേധാവി എന്‍ജിനീയര്‍ ഇസ്മായില്‍ ബിന്‍ ഇബ്രാഹീം അല്‍ ഫാര്‍സി പറഞ്ഞു.
കൊഞ്ച് സമ്പത്ത് വര്‍ധിപ്പിക്കുന്നതിനായി ജഅലാന്‍ ബനീ ബൂഅലിയിലും അല്‍ അഷ്കാറയിലും ഇത്തരത്തിലുള്ള ചില യൂനിറ്റുകള്‍ കടലിനടിയില്‍ സ്ഥാപിച്ചിട്ടുണ്ട്.
പഠനങ്ങളില്‍ ഇവ ഫലപ്രദമാണെന്ന് തെളിഞ്ഞതായും അല്‍ ഫാര്‍സി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
