വ്യാജ ബിരുദം: കേസുകളില്‍ കൂടുതലും ഇന്ത്യന്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടത്
text_fieldsമസ്കത്ത്: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട 1250 കേസുകള്‍ പബ്ളിക് പ്രോസിക്യൂഷന് അന്വേഷണത്തിന് കൈമാറിയതായി ഉന്നത വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു.
കേസുകളില്‍ ഭൂരിപക്ഷവും ഇന്ത്യന്‍ വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതാണ്. 21 ശതമാനം വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് ഇന്ത്യന്‍ സ്ഥാപനങ്ങളുടേതായി ഉള്ളത്. ഈജിപ്തില്‍നിന്ന് 18 ശതമാനവും താന്‍സനിയയില്‍നിന്ന് 13 ശതമാനവും പാകിസ്താനില്‍നിന്ന് 10 ശതമാനവും ഇറാഖില്‍നിന്ന് ഏഴു ശതമാനവും അമേരിക്കയില്‍നിന്നും മലേഷ്യയില്‍നിന്നും ഏഴു ശതമാനവും കേസുകളുണ്ടായി.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ട്ടിഫിക്കറ്റുകളില്‍ വ്യാജ സീലും സ്റ്റാമ്പും ഉപയോഗിക്കല്‍, കെട്ടിച്ചമച്ച യോഗ്യത എന്നിങ്ങനെയാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. വ്യാജ സര്‍വകലാശാലകളെ കുറിച്ച് ബോധവത്കരണം ശക്തമാക്കിയതായി ഉന്നത വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് സംശയമുണ്ടാകുന്നപക്ഷം കേസ് അംഗീകാരത്തിനും അക്രഡിറ്റേഷനുമുള്ള പ്രത്യേക കമ്മിറ്റിക്ക് കൈമാറുകയാണ് ചെയ്യുക. തുടരന്വേഷണത്തിനും ആവശ്യമെങ്കില്‍ വിദ്യാര്‍ഥിക്കെതിരെ നടപടിയെടുക്കുന്നതിനുമായി പബ്ളിക് പ്രോസിക്യൂഷനും കൈമാറുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രാലയം ഡയറക്ടര്‍ സെയ്ദ് അമൂര്‍ അല്‍ റഹ്ബി അറിയിച്ചു.
ഒരു സര്‍വകലാശാല വ്യാജമാണെന്ന് കണ്ടത്തെുന്നപക്ഷം അതിന്‍െറ പേര് വെബ്സൈറ്റില്‍ ഇടുകയും പ്രാദേശിക പത്രങ്ങളിലൂടെ പൊതുജനത്തെ അറിയിക്കുകയും ചെയ്യുമെന്ന് അല്‍ റഹ്ബി അറിയിച്ചു. തുടര്‍ന്ന് പബ്ളിക് പ്രോസിക്യൂഷനെ വിവരമറിയിക്കുകയും ചെയ്യും. ഉന്നതപഠനത്തിന് പദ്ധതിയിടുന്ന വിദ്യാര്‍ഥികള്‍ മന്ത്രാലയത്തിന്‍െറ വെബ്സൈറ്റ് പരിശോധിച്ച് വ്യാജന്മാരല്ലാത്തവരെ തെരഞ്ഞെടുക്കണം.
ഇതുവഴി പണവും സമയവും ഭാവിയും രക്ഷിക്കാന്‍ കഴിയുമെന്ന് അല്‍ റഹ്ബി അറിയിച്ചു.
അസൈന്‍മെന്‍റുകളും പരീക്ഷകളും ഇല്ലാതെ ബിരുദം നല്‍കുന്ന വിര്‍ച്വല്‍ കോഴ്സുകളെ കുറിച്ച് കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.