പ്രഫഷനലുകള്‍ ഉന്നതപഠന മേഖലയിലേക്ക് തിരിയുന്നതായി സര്‍വേ
text_fieldsമസ്കത്ത്: തൊഴില്‍ വിപണിയിലെ മാന്ദ്യം കണക്കിലെടുത്ത് മിഡിലീസ്റ്റ് രാജ്യങ്ങളിലെ പ്രഫഷനലുകള്‍ ഉന്നതപഠന മേഖലയിലേക്ക് തിരിയുന്നതായി സര്‍വേ. തങ്ങളുടെ ഭാവി തൊഴില്‍ സാധ്യതകള്‍ക്ക് പ്രയോജനപ്പെടുമെന്ന പ്രതീക്ഷയില്‍ നാലിലൊരാള്‍ വീതം അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ ബിരുദാനന്തര ബിരുദമെടുക്കാന്‍ പദ്ധതിയിടുന്നതായി പ്രമുഖ തൊഴില്‍പോര്‍ട്ടലായ ഗള്‍ഫ്ടാലന്‍റ് നടത്തിയ സര്‍വേയില്‍ പറയുന്നു. നിലവിലെ ജോലിയിലെ ഉയര്‍ച്ചയാണ് ഉന്നതപഠനത്തിന് പദ്ധതിയിടുന്ന 16 ശതമാനം പേരുടെയും ആഗ്രഹം.
17 ശതമാനം പേര്‍ സമാനമായ മേഖലയില്‍ മെച്ചപ്പെട്ട മറ്റൊരു ജോലി പ്രതീക്ഷിക്കുമ്പോള്‍ വ്യത്യസ്തമായ മേഖലയില്‍ പുതിയ ജോലി ലക്ഷ്യമിട്ടാണ് 10 ശതമാനം പേര്‍ പഠിക്കാന്‍ ഒരുങ്ങുന്നത്. നേരത്തേ നിലവിലുള്ളതാണ് ഈ പ്രതിഭാസമെങ്കിലും എണ്ണവിലയിടിവിനെ തുടര്‍ന്ന് തൊഴില്‍ വിപണിയിലെ മന്ദത ഈ പ്രവണതക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കുള്ള അപേക്ഷകരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായതായി സര്‍വകലാശാലകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. എണ്ണവിലയിടിവുമൂലം ഏറെ തൊഴില്‍ നഷ്ടമുണ്ടായ എണ്ണ, വാതക മേഖലയില്‍നിന്നുള്ള പ്രഫഷനലുകളാണ് മറ്റു തൊഴില്‍മേഖലയിലേക്ക് ചേക്കേറാന്‍ പദ്ധതിയിടുന്നത്. ബിസിനസ് അഡ്മിനിസ്ട്രേഷനാണ് കൂടുതല്‍ പേരും ബിരുദാനന്തര ബിരുദ പഠനത്തിന് തെരഞ്ഞെടുക്കുന്നത്. 32 ശതമാനം പേരാണ് ഈ രംഗം തെരഞ്ഞെടുത്തത്.
എന്‍ജിനീയറിങ്, ഫിനാന്‍സ്, എജുക്കേഷന്‍ മേഖലകളാണ് തൊട്ടുപിന്നില്‍. അതേസമയം, സ്ത്രീ പ്രഫഷനലുകള്‍ കൂടുതലായി തെരഞ്ഞെടുക്കുന്ന രണ്ടാമത്തെ പഠനമേഖലയാണ് വിദ്യാഭ്യാസം. ഭൂരിപക്ഷം പേരും പാര്‍ട്ട്ടൈം പഠനത്തിനാണ് പദ്ധതിയിടുന്നത്.
18 ശതമാനം പേര്‍ വിദേശരാഷ്ട്രങ്ങളില്‍ മുഴുവന്‍സമയ പഠനം നടത്താനും ആലോചിക്കുന്നുണ്ട്. അമേരിക്ക, കാനഡ, ബ്രിട്ടന്‍, ആസ്ട്രേലിയ എന്നിവയാണ് പഠനം നടത്താന്‍ തെരഞ്ഞെടുത്ത ആദ്യ നാലു രാഷ്ട്രങ്ങള്‍. അഞ്ചാം സ്ഥാനത്ത് യു.എ.ഇയും ഉണ്ട്. നിലവാരമുള്ള പഠനാന്തരീക്ഷത്തിനൊപ്പം തൊഴില്‍ സാഹചര്യങ്ങളുമാണ് ഈ അഞ്ച് രാഷ്ട്രങ്ങളെ പ്രഫഷനലുകള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്.
പഠിക്കാന്‍ താല്‍പര്യമുണ്ടെങ്കിലും അതിന്‍െറ ചെലവ് താങ്ങാന്‍ കഴിയുന്നതല്ളെന്ന് അഭിപ്രായപ്പെട്ടത് 19 ശതമാനം പേരാണ്. ഓണ്‍ലൈന്‍ പഠനത്തിനൊപ്പം കുറച്ച് ക്ളാസ് റൂം പഠനവും സമന്വയിപ്പിച്ചുള്ള ഹൈബ്രിഡ് കോഴ്സുകള്‍ക്കാണ് താല്‍പര്യക്കാര്‍ ഏറെ. 65 ശതമാനം പേരും ഇത്തരം കോഴ്സുകളാണ് താല്‍പര്യപ്പെടുന്നത്.
അതേസമയം, ഉന്നതപഠനം നടത്തിയതുകൊണ്ട് കാര്യമില്ളെന്നും ബന്ധപ്പെട്ട മേഖലയില്‍ തൊഴില്‍പരിശീലനം നേടുന്നതിലൂടെ മാത്രമേ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രയോജനമുണ്ടാകൂവെന്നും തൊഴിലുടമകള്‍ പറയുന്നു. കമ്പനിയില്‍ ദീര്‍ഘനാള്‍ തുടരാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നവര്‍ക്ക് ക്ളാസുകളില്‍ പങ്കെടുക്കാന്‍ തൊഴില്‍സമയം ക്രമീകരിച്ചുനല്‍കാനും സാമ്പത്തിക സഹായം നല്‍കാനും ചില തൊഴിലുടമകള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.