എണ്ണയിതര ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ ഇടിവ്
text_fieldsമസ്കത്ത്: കഴിഞ്ഞവര്‍ഷം രാജ്യത്തെ എണ്ണയിതര ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ ഇടിവ്. 2014ല്‍ 4.12 ശതകോടി റിയാലായിരുന്ന കയറ്റുമതി വരുമാനം മൂന്നു ശതകോടി റിയാലായാണ് കുറഞ്ഞത്. കയറ്റുമതി ഉല്‍പന്നങ്ങളുടെ വിലയിലെ കുറവാണ് എണ്ണയിതര ഉല്‍പന്നങ്ങളുടെ വിഭാഗത്തില്‍ പ്രതിഫലിച്ചത്.
മൊത്തം കയറ്റുമതിയിലാകട്ടെ 34.7 ശതമാനത്തിന്‍െറ കുറവുണ്ടായിട്ടുണ്ട്. 2014ലെ 20.46 ശതകോടി റിയാലില്‍നിന്ന് 13.35 ശതകോടി റിയാലായാണ് കുറഞ്ഞത്. എണ്ണ, വാതക വിലയിലെ 41.9 ശതമാനത്തിന്‍െറ കുറവാണ് മൊത്തം കയറ്റുമതിയില്‍ പ്രതിഫലിച്ചത്. മൊത്തം 7.78 ശതകോടി റിയാലാണ് എണ്ണ, പ്രകൃതിവാതക വില്‍പനയില്‍നിന്നുള്ള വരുമാനം. എണ്ണയിതര ഉല്‍പന്നങ്ങളുടെ വിഭാഗത്തില്‍ ധാതുക്കളുടെ കയറ്റുമതി 54.4 ശതമാനം കുറഞ്ഞ് 572.8 ദശലക്ഷം റിയാലായി. കെമിക്കല്‍, പ്ളാസ്റ്റിക്, റബര്‍, ബേസ് മെറ്റല്‍ ഉല്‍പന്നങ്ങള്‍ എന്നിവയുടെ വിലയിലും കുറവുണ്ടായതായി ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്‍െറ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
എണ്ണയിതര ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കാനായി വിപുലമായ കര്‍മപരിപാടികളാണ് രാജ്യം ആവിഷ്കരിക്കുന്നത്. ആഫ്രിക്കന്‍ വിപണികളെ ലക്ഷ്യമിട്ട് ഈ മാസം 11 മുതല്‍ 14 വരെ ഇത്യോപ്യയില്‍ ഒമാനി ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കുന്നുണ്ട്. 2014ല്‍ ഇത്യോപ്യയിലേക്ക് 40 ദശലക്ഷം റിയാലിന്‍െറ ഉല്‍പന്നങ്ങള്‍ ഒമാന്‍ കയറ്റി അയച്ചിരുന്നു. ഇത് വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. കയറ്റുമതി വികസന ഏജന്‍സിയായ ഇതാര നടത്തിയ സര്‍വേയില്‍ ഭക്ഷണസാധനങ്ങള്‍, കെട്ടിട നിര്‍മാണ സാമഗ്രികള്‍, ഫര്‍ണിച്ചറുകള്‍, മാര്‍ബ്ള്‍ തുടങ്ങി 59 ഇനത്തിലുള്ള സാധനങ്ങള്‍ക്ക് ഇത്യോപ്യന്‍ വിപണിയില്‍ സാധ്യതയുള്ളതായി വിലയിരുത്തിയിരുന്നു.
2012 മുതല്‍ വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളിലും ഇതാരയുടെ നേതൃത്വത്തില്‍ ഒമാനി ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം നടത്തിവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.