വേള്‍ഡ് ക്രിക്കറ്റ് ലീഗ്: ഒമാന്‍ ടീമിന് പുതിയ നായകന്‍
text_fieldsമസ്കത്ത്: മേയ് 21 മുതല്‍ 28 വരെ ബ്രിട്ടനിലെ ജഴ്സിയില്‍ നടക്കുന്ന വേള്‍ഡ് ക്രിക്കറ്റ് ലീഗില്‍ ഒമാന്‍ ടീമിന് പുതിയ നായകന്‍. നിലവിലെ ക്യാപ്റ്റന്‍ സുല്‍ത്താന്‍ അഹ്മദിന് താല്‍ക്കാലിക വിശ്രമം നല്‍കിയ സെലക്ഷന്‍ കമ്മിറ്റി ഗുജറാത്ത് സ്വദേശിയായ അജയ് ലാല്‍ ചെട്ടെയെ ക്യാപ്റ്റനായി നിയോഗിച്ചു. പഞ്ചാബുകാരനായ ജതീന്ദര്‍ സിങ്ങാണ് വൈസ് ക്യാപ്റ്റന്‍. ട്വന്‍റി20 ലോകകപ്പിന്‍െറ ആദ്യ റൗണ്ടില്‍ അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച പോര്‍ബന്ദര്‍ സ്വദേശിയായ അജയ് തന്‍െറ പുതിയ നിയോഗത്തില്‍ ഏറെ സന്തോഷവാനാണ്. 2019ലെ ലോകകപ്പ് യോഗ്യതയെന്ന കടമ്പ കടക്കുകയാണ് ടീമിന്‍െറ ലക്ഷ്യമെന്ന് അജയ് പറഞ്ഞു. ലോകകപ്പിന്‍െറ ആദ്യ റൗണ്ടില്‍ അയര്‍ലന്‍ഡിനെ ഞെട്ടിച്ച ഒമാന്‍ നിര്‍ണായക മത്സരത്തില്‍ ബംഗ്ളാദേശിനോട് തോറ്റാണ് പുറത്തായത്. ഇതിനുശേഷമുള്ള ആദ്യ വിദേശപര്യടനത്തിലാണ് ലോകകപ്പില്‍ രാജ്യത്തെ നയിച്ച സുല്‍ത്താന്‍ അഹ്മദിന് താല്‍ക്കാലിക വിശ്രമം നല്‍കി അജയിനെ ചുമതലയേല്‍പിക്കാന്‍ തീരുമാനിച്ചത്.
ബാറ്റിങ്ങിലും കഴിവുതെളിയിച്ചിട്ടുള്ള അജയ് ലാല്‍ ചെട്ടെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് കീഴില്‍ അണ്ടര്‍ 14 അണ്ടര്‍ 19 ടീമുകളില്‍ കളിച്ചിട്ടുണ്ട്. 2006ലാണ് ജോലിയും കളിക്കാനുള്ള അവസരവും തേടി ഒമാനിലത്തെുന്നത്. അല്‍ തുര്‍ക്കി എന്‍റര്‍പ്രൈസസിലെ ജീവനക്കാരനായ ലാല്‍ചെട്ടെയുടെ കമ്പനി ടീമിലെ മികച്ച പ്രകടനമാണ് ദേശീയ ടീമിലേക്ക് വഴിതുറന്നത്. ഹേമല്‍ മത്തേയാണ് ഒമാന്‍ ക്രിക്കറ്റ് ടീമിന്‍െറ ക്യാപ്റ്റനാകുന്ന ആദ്യ ഇന്ത്യക്കാരന്‍. പരിശീലകനായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
വെടിക്കെട്ട് ബാറ്റ്സ്മാന്‍ കൂടിയായ വൈസ് ക്യാപ്റ്റന്‍ ജതീന്ദര്‍ സിങ് ഒമാനില്‍ പഠിച്ചുവളര്‍ന്നയാളാണ്. മസ്കത്ത് ഇന്ത്യന്‍ സ്കൂളിലായിരുന്നു വിദ്യാഭ്യാസം.
ഐ.സി.സി വേള്‍ഡ് ക്രിക്കറ്റ് ലീഗ് ഡിവിഷന്‍ അഞ്ച് മത്സരത്തില്‍ ഒമാന് പുറമെ ജേഴ്സി, താന്‍സനിയ, നൈജീരിയ, ഗുറെന്‍സെ എന്നി ടീമുകളാണ് മത്സരിക്കുന്നത്. ഫൈനലടക്കം 18 മത്സരങ്ങള്‍ ഉണ്ട്. ഫൈനലിലത്തെുന്ന ടീമുകള്‍ ഈ വര്‍ഷാവസാനം നടക്കുന്ന ഡിവിഷന്‍ നാല് മത്സരത്തിന് യോഗ്യത നേടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.