സുരക്ഷിത ഗതാഗത പദ്ധതി കൂടുതല്‍ ഇന്ത്യന്‍ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നു
text_fieldsമസ്കത്ത്: സുരക്ഷിത ഗതാഗത പദ്ധതി മസ്കത്ത് നഗരത്തിലെ കൂടുതല്‍ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സണ്‍ വി.ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രക്ഷാകര്‍ത്താക്കളുടെ പൂര്‍ണ പിന്തുണയോടെയുള്ള പദ്ധതി ദാര്‍സൈത്ത്, മബേല സ്കൂളുകളില്‍ നടപ്പാക്കിക്കഴിഞ്ഞു. മബേലയില്‍ 350 ഉം ദാര്‍സൈത്തില്‍ 670 ഉം വിദ്യാര്‍ഥികള്‍ സുരക്ഷിത ഗതാഗത പദ്ധതിയുടെ ഗുണഭോക്താക്കളാണ്. സീബ്, മസ്കത്ത് ഇന്ത്യന്‍ സ്കൂളുകളിലാകും പദ്ധതി അടുത്തതായി നടപ്പാക്കുകയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഒമാന്‍ സര്‍ക്കാറിന്‍െറ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് സുരക്ഷിത ഗതാഗത പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് ഓരോ ബസിലും സീറ്റുകള്‍ക്ക് അനുസരിച്ചുള്ള കുട്ടികളെ മാത്രമേ കയറ്റുകയുള്ളൂ. മികച്ച പരിശീലനം ലഭിച്ച ഡ്രൈവര്‍മാരാകും വാഹനങ്ങള്‍ ഓടിക്കുക. പരിശീലനം സിദ്ധിച്ച അറ്റന്‍ഡര്‍മാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ഡ്രൈവിങ്ങിലെ കാര്യക്ഷമതയടക്കം നിരീക്ഷിക്കാന്‍ സി.സി.ടി.വി, ഐ.വി.എം.എസ് (ഇന്‍ വെഹിക്ക്ള്‍ മോണിറ്ററിങ് സിസ്റ്റം) സംവിധാനങ്ങളും വാഹനങ്ങളില്‍ ഉണ്ടാകും. വാഹനങ്ങളുടെയും സേവനത്തിന്‍െറയും കാര്യക്ഷമത ഗതാഗത നിയന്ത്രണ സമിതി പതിവായി നിരീക്ഷണ വിധേയമാക്കുന്നുണ്ട്. സീബ് ഇന്ത്യന്‍ സ്കൂളില്‍ പദ്ധതി നടപ്പാക്കുന്നത് അന്തിമഘട്ടത്തിലാണ്. മസ്കത്ത് ഇന്ത്യന്‍ സ്കൂളില്‍ ഗതാഗത സമിതിയുടെ പ്രഥമയോഗം ശനിയാഴ്ച ചേര്‍ന്നതായും ചെയര്‍മാന്‍ അറിയിച്ചു. സുരക്ഷിത ഗതാഗത പദ്ധതിയെ മസ്കത്ത് നഗരസഭയും റോയല്‍ ഒമാന്‍ പൊലീസും സ്വാഗതം ചെയ്തിട്ടുണ്ട്. അപകടങ്ങള്‍ കുറക്കുന്നതിന് സഹായകരമാകുമെന്നതിനാല്‍ റോയല്‍ ഒമാന്‍ പൊലീസ് പദ്ധതിക്ക് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. കുട്ടികള്‍ സുരക്ഷിതരായി സ്കൂളിലും തിരിച്ച് വീട്ടിലും എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള സുരക്ഷിത ഗതാഗത പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഓരോ സ്കൂളുകളിലും ടാസ്ക് ഫോഴ്സുകള്‍ രൂപവത്കരിച്ചിട്ടുണ്ട്.
സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങളും രക്ഷാകര്‍ത്താക്കളും അധ്യാപകരും ഉള്‍പ്പെട്ട ടാസ്ക് ഫോഴ്സുകള്‍ പദ്ധതി സുതാര്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുന്നതായും വില്‍സണ്‍ വി.ജോര്‍ജ് പറഞ്ഞു. സുരക്ഷിത ഗതാഗത പദ്ധതിയെ ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അതിനെ രക്ഷിതാക്കളുടെ സഹകരണത്തോടെ ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതാദ്യമായാണ് ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് വാര്‍ത്താസമ്മേളനം നടത്തിയത്. ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കിരണ്‍ ആഷര്‍, ഫിനാന്‍സ് ഡയറക്ടര്‍ മുഹമ്മദ് ബഷീര്‍, എജുക്കേഷന്‍ അഡൈ്വസര്‍ മാത്യു അബ്രഹാം, അസി. എജുക്കേഷന്‍ അഡൈ്വസര്‍ അലക്സ് ജോസഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.