അല്‍ഐന്‍-ബുറൈമി എന്‍ട്രി, എക്സിറ്റ് പെര്‍മിറ്റ് നിര്‍ത്തി
text_fieldsബുറൈമി: ബുറൈമിയില്‍നിന്ന് ഹീലി ചെക്പോസ്റ്റ് വഴി അല്‍ഐനിലേക്കും തിരിച്ചുമുള്ള എന്‍ട്രി, എക്സിറ്റ് പെര്‍മിറ്റുകള്‍ നല്‍കുന്നത് യു.എ.ഇ നിര്‍ത്തലാക്കി. പുതിയ പെര്‍മിറ്റ് നല്‍കുന്നത് നിര്‍ത്തലാക്കിയതിനൊപ്പം പഴയ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുന്നതും നിര്‍ത്തലാക്കിയിട്ടുണ്ട്. യു.എ.ഇയിലേക്കും തിരിച്ചും പെര്‍മിറ്റ് ഉപയോഗിച്ച് യഥേഷ്ടം സഞ്ചരിക്കാനുള്ള അവസരം ഇല്ലാതായതോടെ അല്‍ഐനില്‍ സ്വകാര്യ സ്കൂളുകളില്‍ പഠിക്കുന്ന മലയാളികള്‍ അടക്കം പ്രവാസികളുടെ വിദ്യാഭ്യാസം തടസ്സപ്പെടും. 500ലധികം വിദ്യാര്‍ഥികളുടെ തുടര്‍പഠനമാണ് മുടങ്ങിയത്.
2006 സെപ്റ്റംബര്‍ 15ന് യു.എ.ഇ-ഒമാന്‍ അതിര്‍ത്തി പ്രദേശങ്ങളായ ഹീലി, ഒത്തോബ എന്നിവിടങ്ങളില്‍ യു.എ.ഇയുടെ നിയന്ത്രണത്തിലുള്ള ചെക്പോസ്റ്റുകള്‍ നിലവില്‍വന്നതോടെയാണ് വിദേശികളുടെ സുഗമമായ യാത്രക്ക് നിയന്ത്രണങ്ങള്‍ വന്നത്.
അതുവരെ അല്‍ഐനിനെയും ബുറൈമിയെയും ഒരു നഗരത്തിന്‍െറ രണ്ട് ഭാഗങ്ങളായാണ് കരുതിയിരുന്നത്. മുമ്പ് ഒമാന്‍ വിസയുള്ളവര്‍ അല്‍ഐനിലും യു.എ.ഇ വിസയുള്ളവര്‍ ബുറൈമിയിലും മാറി താമസിച്ചിരുന്നു.
മുതിര്‍ന്നവരുടെ യാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും വിദ്യാര്‍ഥികളുടെ യാത്ര ഇതുവരെ തടഞ്ഞിരുന്നില്ല. അതത് സ്കൂളുകളിലെ രേഖകള്‍ ഉപയോഗിച്ച് രണ്ട് ചെക്പോസ്റ്റുകളിലൂടെയും സഞ്ചരിക്കാന്‍ അനുവാദം നല്‍കിയിരുന്നു. അതിനു പുറമെ 560 യു.എ.ഇ ദിര്‍ഹം അടച്ചാല്‍ രക്ഷിതാക്കള്‍ക്ക് ആറു മാസത്തേക്കുള്ള എന്‍ട്രി, എക്സിറ്റ് പെര്‍മിറ്റും അനുവദിച്ചിരുന്നു.
ആറു മാസത്തേക്കുള്ള പെര്‍മിറ്റ് ക്രമേണ ഏതെങ്കിലും ഒരു രക്ഷിതാവിനായി ചുരുക്കി. പിന്നെ ഓരോ കുട്ടിക്കും 560 ദിര്‍ഹം നല്‍കി ആറുമാസത്തെ കാര്‍ഡ് എടുക്കണമെന്ന നിയമം നിലവില്‍വന്നു. ഈ ആറുമാസത്തെ കാര്‍ഡിന്‍െറ കാലാവധി മൂന്നു മാസമായി ചുരുക്കുകയും പിന്നീട് ഇപ്പോള്‍ അത് നിര്‍ത്തലാക്കുകയും ചെയ്തതോടെ വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്. 10ലും 12ലുമെല്ലാം പഠിക്കുന്ന കുട്ടികള്‍ 205 ദിര്‍ഹം ചെലവഴിച്ച് ഒരു മാസത്തെ ഓണ്‍ അറൈവല്‍ വിസയെടുത്ത് അല്‍ഐനില്‍ മാതാവുമൊത്ത് വാടകക്ക് താമസിച്ചാണ് പഠനം നടത്തുന്നത്. പിതാവ് ബുറൈമിയില്‍ ജോലിചെയ്യുകയും ചെയ്യുന്നു. താഴ്ന്ന വരുമാനക്കാര്‍ക്ക് ഇതേകുറിച്ച് ചിന്തിക്കാനും കഴിയില്ല. പലരും കുട്ടികളെയോ കുടുംബത്തെയോ നാട്ടില്‍ അയക്കുന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. ആറുവര്‍ഷം മുമ്പ് നിലവില്‍വന്ന ബുറൈമി ഇന്ത്യന്‍ സ്കൂളിലാകട്ടെ കെ.ജി മുതല്‍ എട്ടാം ക്ളാസ് വരെ മാത്രമാണുള്ളത്. ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂളിന്‍െറ ശാഖയായി പ്രവര്‍ത്തിക്കുന്ന ഇവിടെ 380 കുട്ടികളാണ് അധ്യയനം നടത്തുന്നത്. സ്ഥലസൗകര്യത്തിന്‍െറ അപര്യാപ്തതമൂലം ഇതിന് മുകളിലേക്കുള്ള ക്ളാസുകള്‍ക്ക് ഇവിടെ അംഗീകാരം ലഭിച്ചിട്ടില്ല. അതുകൊണ്ട് യു.എ.ഇയില്‍ മുതിര്‍ന്ന ക്ളാസുകളില്‍ പഠിച്ചിരുന്നവര്‍ക്ക് ഇങ്ങോട് മാറാനും കഴിയാത്ത അവസ്ഥയാണ്. ബുറൈമി ഇന്ത്യന്‍ സ്കൂളില്‍ താഴെ ക്ളാസുകളില്‍ പ്രവേശം പൂര്‍ണമായതായും അധികൃതര്‍ അറിയിച്ചു. ബുറൈമി സ്കൂളില്‍നിന്ന് എട്ടാം ക്ളാസ് പാസായവര്‍ സൊഹാര്‍, മസ്കത്ത് സ്കൂളുകളെ ആശ്രയിക്കുകയോ നാട്ടില്‍ പോവുകയോ ചെയ്യേണ്ട അവസ്ഥയാണ്. ചിലര്‍ സൊഹാറിലേക്കും മസ്കത്തിലേക്കും ജോലി മാറിയ ശേഷം അവിടങ്ങളിലെ സ്കൂളുകളിലേക്ക് കുട്ടികളെ മാറ്റിത്തുടങ്ങിയിട്ടുണ്ട്. ബുറൈമിയില്‍ സ്ഥിര ജോലിയും സ്ഥാപനങ്ങളുമുള്ളവര്‍ കുട്ടികളെ നാട്ടില്‍ പറഞ്ഞയക്കുന്ന വഴി തേടുകയാണ്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബുറൈമിയിലെ സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുല്‍ കരീമിന്‍െറ നേതൃത്വത്തില്‍ രക്ഷാകര്‍ത്താക്കളുടെ ഒപ്പുശേഖരണം നടത്തി ബുറൈമി വാലി ഓഫിസ്, ഗവര്‍ണറേറ്റ് എന്നിവിടങ്ങളില്‍ പരാതി ബോധിപ്പിച്ചിട്ടുണ്ട്. അധികൃതര്‍ വിഷയം അനുഭാവപൂര്‍ണം ചര്‍ച്ചചെയ്യാമെന്ന് ഉറപ്പുനല്‍കിയതായി അവര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.