Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2015 9:22 AM GMT Updated On
date_range 20 Oct 2015 9:22 AM GMTഎണ്ണവിലയിടിവ്: ഉന്നതാധികാര സമിതി അടിയന്തര യോഗം ചേരും
text_fieldsbookmark_border
മസ്കത്ത്: എണ്ണവിലയിടിവ് ഒമാന്‍ സമ്പദ്ഘടനക്ക് ഏല്‍പിച്ച ആഘാതം വിലയിരുത്തുന്നതിനായി ഉന്നതാധികാരികളും വിദഗ്ധരും ബുധനാഴ്ച യോഗംചേരും. ബജറ്റ് കമ്മി മറികടക്കുന്നതിനായുള്ള മാര്‍ഗങ്ങളും പരിഹാരനിര്‍ദേശങ്ങളും യോഗം ചര്‍ച്ച ചെയ്യുകയും വിലയിരുത്തുകയും ചെയ്യുമെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വര്‍ധിച്ച സ്വകാര്യ പങ്കാളിത്തത്തോടെ വാണിജ്യ, നിക്ഷേപാന്തരീക്ഷം ഉത്തേജിപ്പിക്കുന്നതടക്കം തീരുമാനങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. എണ്ണ വിലയിലെ റെക്കോഡ് ഇടിവ് കണക്കിലെടുത്ത് സമ്പദ്ഘടന വൈവിധ്യവത്കരിക്കുന്നതിനുള്ള നിര്‍ദേശങ്ങളും യോഗം പരിഗണിക്കും. എണ്ണവിലയിടിവ് സമ്പദ്ഘടനക്ക് ഏല്‍പിച്ച ആഘാതം വലുതാണെന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഉപദേഷ്ടാവ് മുഹ്സിന്‍ അല്‍ ബലൂഷി പറഞ്ഞു. 47.30 ഡോളറാണ് സെപ്റ്റംബര്‍ ഡെലിവറിക്കുള്ള ഒമാന്‍ എണ്ണയുടെ വില. എണ്ണ, പ്രകൃതി വാതക മന്ത്രാലയത്തിന്‍െറ റിപ്പോര്‍ട്ട് അനുസരിച്ച് സെപ്റ്റംബറിലെ എണ്ണ ഉല്‍പാദനം 0.12 ശതമാനം വര്‍ധിച്ച് 29.7 ദശലക്ഷം ബാരലില്‍ എത്തി. ഈ വര്‍ഷം ഇതുവരെയുള്ള കണക്കനുസരിച്ച് 2.68 ശതകോടി റിയാലാണ് ബജറ്റ് കമ്മി. വിലയിടിവ് തുടരുന്ന പക്ഷം ബജറ്റ് കമ്മി വര്‍ധിക്കാനാണിട. വര്‍ധിക്കുന്ന ധനക്കമ്മി കണക്കിലെടുത്ത് ചെലവ് ചുരുക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനുമുള്ള വിവിധ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുന്ന നിര്‍ദേശമാണ് ഇതില്‍ പ്രധാനപ്പെട്ടത്. നേരത്തേ മജ്ലിസുശൂറ ഈ നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നെങ്കിലും ധനകാര്യമന്ത്രി ഇത് തള്ളിയിരുന്നു. റിയല്‍ എസ്റ്റേറ്റ് വാടക കരാറുകള്‍ക്കുള്ള നികുതി വര്‍ധിപ്പിക്കുക, വൈദ്യുതി നിരക്കും ട്രാഫിക്ക് പിഴയും വര്‍ധിപ്പിക്കുക, വാഹന രജിസ്ട്രേഷന്‍, പുതുക്കല്‍ എന്നിവക്കുള്ള ഫീസ് വര്‍ധിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ മന്ത്രിസഭ പരിഗണിക്കുന്നതായിട്ടായിരുന്നു റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കുറക്കുക, സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയും നിര്‍ദേശങ്ങളിലുണ്ട്. യു.എ.ഇയുടെ ചുവടുപിടിച്ച് ഇന്ധന സബ്സിഡി ഘട്ടംഘട്ടമായി കുറക്കുമെന്നും ധനകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ജനത്തെ നേരിട്ട് ബാധിക്കാത്ത വിധത്തിലായിരിക്കും സബ്സിഡി കുറക്കല്‍. കഴിഞ്ഞവര്‍ഷം 840 ദശലക്ഷം റിയാലാണ് ഒമാന്‍ ഇന്ധന സബ്സിഡിയിനത്തില്‍ ചെലവഴിച്ചത്. ഈ വര്‍ഷം സബ്സിഡിയിനത്തില്‍ 900 ദശലക്ഷം റിയാല്‍ ചെലവഴിക്കേണ്ടിവരുമെന്നാണ് കണക്കുകള്‍.
Next Story