ഒമാനില്‍ മലവെള്ളപാച്ചിലില്‍ മലയാളിയടക്കം ആറുപേര്‍കൂടി മരിച്ചു
text_fieldsമസ്കത്ത്: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഒമാനില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു. വിവിധയിടങ്ങളിലുണ്ടായ മഴവെള്ളപ്പാച്ചിലില്‍ മലയാളിയടക്കം ആറുപേര്‍ കൂടി ഒഴുക്കില്‍പെട്ട് മരിച്ചു. കൊല്ലം വയല സ്വദേശി ജയചന്ദ്രനാണ് (55) മരിച്ച മലയാളി. മറ്റുള്ളവര്‍ ഒമാന്‍ സ്വദേശികളാണ്. കൊല്ലം അഞ്ചല്‍ സ്വദേശി അനില്‍കുമാറിന് പരിക്കുണ്ട്. ഇയാളെ നിസ്വ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരില്‍ നാലുപേര്‍ കുട്ടികളാണ്. ഒമാന്‍െറ ഉള്‍പ്രദേശങ്ങളിലാണ് മഴ നാശം വിതച്ചത്. ദാഖിലിയ ഗവര്‍ണറേറ്റിലെ നിസ്വക്ക് സമീപം ബര്‍ക്കത്ത് മൂസില്‍ വാദി മുറിച്ചുകടക്കവേയാണ് ജയചന്ദ്രന്‍ നായരും അനില്‍ കുമാറും സഞ്ചരിച്ച നിസാന്‍ പാത്ത്ഫൈന്‍ഡര്‍ ഒഴുക്കില്‍പെട്ടത്. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. ജബല്‍ അഖ്ദറിലെ നിര്‍മാണ കമ്പനിയായ ആദില്‍ ഒമാന്‍ ട്രേഡിങ് കമ്പനിയിലെ ജീവനക്കാരായ ഇരുവരും നിസ്വയില്‍നിന്ന് മടങ്ങിവരുകയായിരുന്നു. വാദി മുറിച്ചുകടക്കവേ മുന്നിലുണ്ടായിരുന്ന വാഹനങ്ങളിലൊന്ന് നിന്നുപോയി. ഈ സമയത്തുണ്ടായ ശക്തമായ ഒഴുക്കില്‍ ഇവരുടേതടക്കം മൂന്നു കാറുകള്‍ ഒഴുകിപ്പോയി. മുന്നിലെ വാഹനങ്ങളില്‍ ഉണ്ടായിരുന്ന സ്വദേശികള്‍ വെള്ളത്തിന്‍െറ വരവുകണ്ട് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടെങ്കിലും ഇവര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ജയചന്ദ്രന്‍െറ മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെ നിസ്വ അണക്കെട്ടിന് സമീപത്തുനിന്നാണ് കണ്ടത്തെിയത്. കുറച്ചുദൂരം ഒഴുകിപ്പോയ അനില്‍ കുമാറിന് മരത്തില്‍ പിടികിട്ടിയതാണ് രക്ഷയായത്. വെള്ളിയാഴ്ച വൈകീട്ടോടെ അനില്‍കുമാറിനെ ഡിസ്ചാര്‍ജ് ചെയ്തു.