സൗഹൃദ സന്ദേശവുമായി ഇന്ത്യ–ഒമാന്‍ നാവിക കപ്പലുകള്‍ യാത്ര തുടങ്ങി
text_fieldsമസ്കത്ത്: ഉഭയകക്ഷി ബന്ധത്തില്‍ സൗഹൃദത്തിന്‍െറ പുത്തന്‍ അധ്യായം തീര്‍ത്ത് ഇന്ത്യ-ഒമാന്‍ നാവിക കപ്പലുകള്‍ ഒന്നിച്ച് യാത്രതുടങ്ങി. ഇന്ത്യന്‍ നാവിക സേനയുടെ പരിശീലനക്കപ്പലായ ഐ.എന്‍.എസ് തരംഗിണിയും റോയല്‍ ഒമാന്‍ നേവിയുടെ ശബാബ് ഒമാന്‍ രണ്ട് കപ്പലുമാണ് യാത്രയാരംഭിച്ചത്. നൂറ്റാണ്ട് പഴക്കമുള്ള കടല്‍വാണിജ്യത്തിന്‍െറ ഓര്‍മപുതുക്കല്‍കൂടിയായ യാത്രക്ക് ചൊവ്വാഴ്ച മത്രയിലെ സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തുനിന്നാണ് തുടക്കമായത്. വിദേശകാര്യമന്ത്രാലയത്തിലെ സെക്രട്ടറി ജനറല്‍ സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദിയുടെ രക്ഷാകര്‍തൃത്വത്തിലായിരുന്നു യാത്രയയപ്പ് ചടങ്ങ്. ഒമാന്‍ റോയല്‍ ആര്‍മി കമാന്‍ഡര്‍ മേജര്‍ ജനറല്‍ മത്താര്‍ ബിന്‍ സലീം അല്‍ ബലൂഷി, റോയല്‍ ഒമാന്‍ നേവി കമാന്‍ഡര്‍ റിയര്‍ അഡ്മിറല്‍ അബ്ദുല്ലാഹ് ബിന്‍ കമീസ് അല്‍ റൈസി, വിവിധ അണ്ടര്‍ സെക്രട്ടറിമാര്‍, സേനാ ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. വിശിഷ്ടാതിഥിയുടെ നേതൃത്വത്തില്‍ കപ്പലില്‍ പ്രവേശിച്ച് യാത്രാ റൂട്ട് വിലയിരുത്തുകയും ശബാബ് ഒമാന്‍ രണ്ടിലെ നാവികരെ പരിചയപ്പെടുകയും ചെയ്തു. ഇന്ത്യാ-ഒമാന്‍ നയതന്ത്രബന്ധത്തിന്‍െറ 60ാം വാര്‍ഷികത്തിന്‍െറ ഭാഗമായി സംഘടിപ്പിക്കുന്ന യാത്ര മസ്കത്തില്‍നിന്ന് കൊച്ചിയിലേക്കാണ്. കഴിഞ്ഞ 22നാണ് തരംഗിണി മസ്കത്തില്‍ എത്തിയത്. യാത്രയില്‍ തടസ്സങ്ങളൊന്നും നേരിടാത്തപക്ഷം ഡിസംബര്‍ നാലിന് ഇരു കപ്പലുകളും കൊച്ചിയില്‍ അടുക്കും. പുരാതന കാലത്തെ നാവികരുടെ കടല്‍യാത്രാ വഴികള്‍ പകര്‍ന്നുനല്‍കുന്നതിന് ഇരു കപ്പലുകളിലെയും നാവികര്‍ക്ക് യാത്രയില്‍ പായ്വഞ്ചികളില്‍ പരിശീലനം നേടുന്നതടക്കം പരിപാടികളും ഉണ്ടാകും.