ദേശീയദിനാഘോഷം തുടരുന്നു
text_fieldsമസ്കത്ത്: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ദേശീയദിനാഘോഷം തുടരുന്നു. വിവിധ ഗവര്‍ണറേറ്റുകളില്‍ സുല്‍ത്താനോട് കൂറുപ്രഖ്യാപിച്ചുള്ള റാലികളും മറ്റു പരമ്പരാഗത പരിപാടികളും നടന്നു. മസ്കത്തില്‍ സുല്‍ത്താന്‍ ഖാബൂസ് സ്പോര്‍ട്സ് കോംപ്ളക്സില്‍ വ്യാഴാഴ്ച ആഘോഷപരിപാടികള്‍ നടന്നു. ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സഈദിന്‍െറ രക്ഷാകര്‍തൃത്വത്തിലായിരുന്നു ആഘോഷം. ആറായിരത്തോളം വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ അരങ്ങേറിയ വര്‍ണശബളമായ പരിപാടിയില്‍ രാജ്യത്തോടും സുല്‍ത്താനോടുമുള്ള ജനതയുടെ കൂറ് വിളംബരം ചെയ്യുന്ന ടാബ്ളോയിഡുകള്‍ അവതരിപ്പിച്ചു. പരമ്പരാഗത കലാരൂപങ്ങളുമായി ബന്ധപ്പെട്ട നൃത്തപരിപാടികളും മറ്റും ഇവിടെ അരങ്ങേറി. വിവിധ മേഖലകളില്‍ രാഷ്ട്രം കൈവരിച്ച നേട്ടങ്ങളും കലാരൂപങ്ങളുടെ രൂപത്തില്‍ അരങ്ങിലത്തെി. സുല്‍ത്താന് വിവിധ ലോകനേതാക്കള്‍ ദേശീയദിന ആശംസകള്‍ നേര്‍ന്നു. ഇന്ത്യന്‍ പ്രസിഡന്‍റ് പ്രണബ് മുഖര്‍ജി, സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആലു സഊദ്, യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആലു നഹ്യാന്‍, ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, മൊറോക്കോ രാജാവ് കിങ് മുഹമ്മദ്, അല്‍ജീരിയ പ്രസിഡന്‍റ് അബ്ദുല്‍ അസീസ് ബൂതഫ്ലീക്, ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് തുടങ്ങി വിവിധ സഹോദര രാഷ്ട്രങ്ങളിലെയും സൗഹൃദരാഷ്ട്രങ്ങളിലെയും നേതാക്കള്‍ സുല്‍ത്താന് ആശംസാ സന്ദേശങ്ങള്‍ അയച്ചു.
വിവിധ മലയാളി സംഘടനകളുടെയും കൂട്ടായ്മകളുടെ ആഭിമുഖ്യത്തിലും ഇന്ത്യന്‍ സ്കൂളുകളിലും ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ആഘോഷ പരിപാടികള്‍ വരുംദിവസങ്ങളിലും തുടരും. സലാല കെ.എം.സി.സി ഓഫിസില്‍ അസീസ് ഹാജി മണിമല കേക്ക് മുറിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു. പി.സി. മൂസ ഒമാന്‍ ചരിത്രം വിശദീകരിച്ചു. വി.പി. അബ്ദുസ്സലാം ഹാജി, നാസര്‍ കമൂന, ഹൈദര്‍ നരിക്കുനി, ആര്‍.കെ. അഹമ്മദ്, എം.എം. ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹുസൈന്‍ കാച്ചിലോടി സ്വാഗതം പറഞ്ഞു. സൂര്‍ ഇന്ത്യന്‍ സ്കൂളില്‍ നടന്ന കുട്ടികളുടെ വിവിധ കലാപരിപാടികളോടെയാണ് ആഘോഷപരിപാടികള്‍ അരങ്ങേറിയത്. എസ്.എം.സി പ്രസിഡന്‍റ് എം.എ.കെ ഷാജഹാന്‍, കണ്‍വീനര്‍ നാസര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ നാരായണി കുട്ടി, മോഹനന്‍ പുലശ്ശേരി എന്നിവര്‍ സംസാരിച്ചു. പ്രവാസി കൗണ്‍സില്‍ സലാലയില്‍ ദേശീയദിനത്തിന്‍െറ ഭാഗമായി രക്തദാന ക്യാമ്പും പ്രാര്‍ഥനായോഗവും സംഘടിപ്പിച്ചു. സലാല ഗര്‍ബിയയില്‍ സജ്ജമാക്കിയ വേദിയില്‍ നടത്തിയ പ്രാര്‍ഥനാ യോഗം ദോഫാര്‍ മുനിസിപ്പാലിറ്റി ഒൗകത്ത് ഏരിയ മാനേജര്‍ അബ്ദുള്ള സബ അവാദ് അല്‍ ഷജന ഉദ്ഘാടനം ചെയ്തു. കൂട്ട പ്രാര്‍ഥനക്ക് അബ്ദുസ്സലാം സഖാഫി നേതൃത്വം നല്‍കി. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ നടന്ന രക്തദാന ക്യാമ്പില്‍ 45 അംഗങ്ങള്‍ പങ്കെടുത്തു. ദോഫാര്‍ ആരോഗ്യവകുപ്പ് പ്ളാനിങ് ഡയറക്ടര്‍ മുഹമ്മദ് സഹല്‍ ബാ അലവി ഉദ്ഘാടനം ചെയ്തു. ആര്‍.എം. ഉണ്ണിത്താന്‍, ഉസ്മാന്‍ വാടാനപ്പള്ളി, ബാലകൃഷ്ണന്‍ വടകര, കെ.വി. ലക്ഷ്മണന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. അബ്ദുല്‍ഖാദര്‍ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കൊല്ലം ഗോപകുമാര്‍ സ്വാഗതവുംബേസില്‍ പീറ്റര്‍ നന്ദിയും പറഞ്ഞു. കെ.വി. ലക്ഷ്മണന്‍, ആര്‍. മനോഹരന്‍, ഷംസീര്‍, രവീന്ദ്രന്‍ വടകര, ഫിറോസ് എന്നിവര്‍ നേതൃത്വം നല്‍കി. ദുദൈബിയില്‍ സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പായസവിതരണവും സുല്‍ത്താനുവേണ്ടി ദുആയും സംഘടിപ്പിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുല്‍ അസീസ്, അഷ്റഫ് പയ്യോളി, അയ്യൂബ്, രാജീവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നിസ്വ ഇന്ത്യന്‍ സ്കൂളിലും ആഘോഷങ്ങള്‍ നടന്നു. ശനിയാഴ്ച വിപുലമായ റാലി സംഘടിപ്പിക്കുമെന്നും നിസ്വ സ്കൂള്‍ അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് മൂന്നിന് ബദര്‍ അല്‍ സമ ആശുപത്രിക്ക് മുന്നില്‍നിന്ന് റാലി ആരംഭിക്കുമെന്ന് മാനേജ്മെന്‍റ് കമ്മിറ്റിയംഗങ്ങള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
