‘വോയ്സ് ഓഫ് കേരള’ ഇന്‍റര്‍ സ്കൂള്‍ യൂത്ത് ഫെസ്റ്റിവല്‍ നാളെ
text_fieldsമസ്കത്ത്: ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ‘വോയ്സ് ഓഫ് കേരള’ 1152 എ.എം സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റിവല്‍ വെള്ളിയാഴ്ച അല്‍ഫലാജ് ഹോട്ടലിലെ ഗ്രാന്‍ഡ് ഹാളില്‍ നടക്കും. സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളില്‍ 13 ഇന്ത്യന്‍ സ്കൂളുകളില്‍നിന്ന് 523 വിദ്യാര്‍ഥികള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജി.സി.സി രാഷ്ട്രങ്ങളില്‍ നടത്തുന്ന യൂത്ത് ഫെസ്റ്റിവലിന്‍െറ ആദ്യ പതിപ്പാണ് ഒമാനിലേത്.
ഡിസംബര്‍ 10, 11 തീയതികളില്‍ ഖത്തറിലാണ് അടുത്ത മത്സരം. അല്‍ഫലാജ് ഹോട്ടലില്‍ രാവിലെ 10 മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലായി എട്ടുവീതം മത്സരങ്ങള്‍ ഉണ്ടാകും. മലയാള സിനിമാ ഗാനങ്ങള്‍, മറ്റു ഭാഷാ ഗാനങ്ങള്‍, കവിത ആലാപനം, മാപ്പിളപ്പാട്ട്, ഫാന്‍സി ഡ്രസ്, മിമിക്രി, ഫോക്ക് ഡാന്‍സ്, ഒപ്പന എന്നീ ഇനങ്ങളില്‍ സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളില്‍ വെവ്വേറെ മത്സരങ്ങള്‍ നടക്കും. ഒമാന്‍െറ എല്ലാ മേഖലകളിലെ സ്കൂളുകളിലുമുള്ള വിദ്യാര്‍ഥികള്‍ പങ്കെടുക്കും. സ്കൂളുകള്‍ കേന്ദ്രീകരിച്ചായിരുന്നു രജിസ്ട്രേഷന്‍. ഓരോ മത്സര ഇനങ്ങള്‍ക്കും മൂന്ന് സമ്മാനങ്ങള്‍ വീതമുണ്ടാകും. കൂടാതെ കൂടുതല്‍ പോയന്‍റ് നേടുന്നവര്‍ക്ക് കലാപ്രതിഭ, കലാതിലകം പട്ടങ്ങളും കൂടുതല്‍ പോയന്‍റ് നേടുന്ന സ്കൂളിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും നല്‍കും. രാത്രി 8.30നാരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ മുഖ്യാതിഥിയായിരിക്കും. മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും അംബാസഡര്‍ വിതരണം ചെയ്യും. വോയ്സ് ഓഫ് ഒമാന്‍ പ്രോഗ്രാം കോഓഡിനേറ്റര്‍ ഷിലിന്‍ പൊയ്യാരയാണ് യൂത്ത് ഫെസ്റ്റിവലിന്‍െറ ചീഫ് കോഓഡിനേറ്റര്‍. വോയ്സ് ഓഫ് കേരള മാനേജിങ് ഡയറക്ടര്‍ ഷക്കീല്‍ ഹസന്‍, മാര്‍ക്കറ്റിങ് മാനേജര്‍ നൗഫല്‍ അബ്ദുറഹ്മാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.