Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമുസന്ദത്ത് പേമാരി;...

മുസന്ദത്ത് പേമാരി; ബാത്തിനയില്‍ പൊടിക്കാറ്റ്

text_fields
bookmark_border

മസ്കത്ത്: മുസന്ദം ഗവര്‍ണറേറ്റിന്‍െറ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ കനത്ത മഴ പെയ്തു. ബാത്തിന ഗവര്‍ണറേറ്റില്‍ രാവിലെ മുതല്‍ കനത്ത പൊടിക്കാറ്റ് അടിച്ചുവീശി. മുസന്ദം ഗവര്‍ണറേറ്റിലെ ഖസബ്, ബുഹ എന്നീ വിലായത്തുകളിലാണ് പരക്കെ മഴ പെയ്തത്. ഖസബ് വിലായത്തിലെ ഹാജര്‍, ഖുദാ, വയീം, ജസം, ഹാല എന്നീ ഗ്രാമങ്ങളില്‍ കനത്ത മഴ പെയ്തു. ബുഹ വിലായത്തിലെ വിവിധ ഭാഗങ്ങളിലും കനത്ത മഴ പെയ്തു. ബുഹ നഗരം, ഖുറല്‍ ജാസിം എന്നിവിടങ്ങളിലും കനത്ത മഴയുണ്ടായി. മറ്റു ഭാഗങ്ങളിലും ഇടത്തരം മഴ ലഭിച്ചു. വാദികള്‍ നിറഞ്ഞൊഴുകുകയും റോഡില്‍ വെള്ളം കയറുകയും ചെയ്തത് ഗതാഗത തടസ്സമുണ്ടാക്കി. ഖസബ് വിമാനത്താവളത്തില്‍ 25 മില്ലീ മീറ്റര്‍ മഴ ലഭിച്ചു. യു. എ. ഇയോട് അടുത്ത മേഖലകളില്‍ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മസ്കത്ത് മേഖലയിലും വൈകുന്നേരം ആകാശം ഇരുണ്ടുകൂടിയെങ്കിലും മഴയുണ്ടായില്ല. രാജ്യത്ത് മൂന്നുദിവസം മഴക്ക് സാധ്യതയുണ്ടെന്ന് ബുധനാഴ്ച കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ബാത്തിന ഗവര്‍ണറേറ്റിന്‍െറ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. മുസന്ന മുതല്‍ ഷിനാസ് വരെയുള്ള മേഖലകളിലാണ് പൊടിക്കാറ്റ് വീശിയത്. ഫലജ്, ലിവ മേഖലകളില്‍ കനത്ത പൊടിക്കാറ്റുണ്ടായതായി താമസക്കാര്‍ പറയുന്നു. രാവിലെ പത്തുമുതല്‍ അടിച്ചുവീശിയ പൊടിക്കാറ്റ് മണിക്കൂറുകള്‍ നീണ്ടു നിന്നു. 
പൊടിക്കാറ്റ് അടിച്ചുവീശിയത് വാഹന ഗതാഗതത്തെ ബാധിച്ചു. ശക്തമായ കാറ്റും പൊടിപടലങ്ങളും കാരണം കാഴ്ച കുറഞ്ഞതായി വാഹന യാത്രക്കാര്‍ പറയുന്നു. പൊടിപടലങ്ങള്‍ നിറഞ്ഞതിനാല്‍ തൊട്ടുമുന്നിലെ വാഹനംപോലും കാണാന്‍ പ്രയാസമനുഭവപ്പെട്ടതായി ലിവയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ എം.പി ജാഫര്‍ പറഞ്ഞു. മുന്നിലെ വാഹനം കാണാന്‍ കഴിയാത്തതിനാല്‍ ഏറെ പ്രയാസപ്പെട്ടാണ് വാഹനമോടിച്ചതെന്നും അദ്ദേഹം പറഞ്ഞു. പൊടിക്കാറ്റ് അടിക്കുന്നതുകാരണം അത്യാവശ്യക്കാര്‍ മാത്രമാണ് പുറത്തിറങ്ങിയത്. അയല്‍രാജ്യമായ യു.എ.ഇയിലും ഒമാന്‍െറ വിവിധ ഭാഗങ്ങളിലും ഇടിമിന്നലോടുകൂടിയ മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ഒമാന്‍ സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി സുരക്ഷാ മാര്‍ഗരേഖകള്‍ പുറത്തുവിട്ടു. ഇടിമിന്നലും മഴയുമുണ്ടാവുമ്പോള്‍ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ഇടിയും മഴയുമുണ്ടാവുമ്പോള്‍ തൊട്ടടുത്ത കെട്ടിടത്തിലോ വാഹനങ്ങളിലോ അഭയം തേടണം. ഇടിമിന്നലുണ്ടാവുമ്പോള്‍ തുറന്ന പ്രദേശങ്ങളില്‍ തങ്ങുന്നത് മിന്നലേല്‍ക്കുന്നതിന് കാരണമാക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. വന്‍ മരങ്ങള്‍ക്കടിയിലും വിളക്കു തൂണുകള്‍ക്കടിയിലും വാര്‍ത്താ വിനിമയ ടവറുകള്‍ക്കടിയിലും നില്‍ക്കരുത്. കുന്നുകളിലും ഉയര്‍ന്ന പ്രദേശങ്ങളിലും തങ്ങുന്നത് അപകടകരമാണ്. നീന്തുമ്പോഴാണ് ഇടിമിന്നലുണ്ടാവുന്നതെങ്കില്‍ ഉടന്‍ കരയിലേക്ക് മടങ്ങണം. വീട്ടുപകരണങ്ങളില്‍നിന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കണം. ടെലിഫോണ്‍ ലൈനിലൂടെ മിന്നല്‍ സഞ്ചരിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍, ലാന്‍ഡ് ലൈന്‍ ഫോണുകളും സെല്‍ഫോണുകളും ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കണം. മിന്നല്‍ തീപിടിത്തമുണ്ടാക്കാന്‍ കാരണമാക്കുന്നതിനാല്‍ ഇത്തരം പ്രശ്നത്തെ നേരിടാന്‍ സ്വയം തയാറായിരിക്കണം. ഗ്ളാസ് ജനലുകള്‍ ലോഹവാതിലുകള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. ഇടിമിന്നലുകള്‍ ഉണ്ടാവുകയാണെങ്കില്‍  ഒൗട്ട് ഡോര്‍ പരിപാടികള്‍ ഒഴിവാക്കുകയോ മാറ്റിവെക്കുകയോ വേണം. 
രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മഴ പെയ്യുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്‍െറ ലക്ഷണമായി കണക്കാക്കുന്നു. രാജ്യം തണുപ്പിലേക്ക് നീങ്ങുന്നതിന്‍െറ ലക്ഷണമാണിതെന്നാണ് വിലയിരുത്തല്‍. ഒക്ടോബര്‍ പകുതി  മുതല്‍തന്നെ തണുപ്പുകാല ലക്ഷണങ്ങള്‍ ആരംഭിക്കേണ്ടതാണ്. എന്നാല്‍, ഇപ്പോഴും ചൂടുള്ള കാലാവസ്ഥയാണ്. മഴയുണ്ടാവുന്നതോടെ തണുപ്പുകാലമത്തെുമെന്ന് പ്രതീക്ഷിക്കുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanclimate
Next Story