എണ്ണ മേഖലയില്‍ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണം –തൊഴിലാളി യൂനിയന്‍
text_fieldsമസ്കത്ത്: എണ്ണ-പ്രകൃതി വാതക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍നിന്നുള്ള സ്വദേശികളുടെ പിരിച്ചുവിടലിനെതിരെ നടപടിയെടുത്ത ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിനെ ഓയില്‍ ആന്‍ഡ് ഗ്യാസ് തൊഴിലാളി യൂനിയന്‍ അഭിനന്ദിച്ചു. മജ്ലിസുശ്ശൂറ ചുമതല ഏല്‍പിച്ച കമ്മിറ്റി എത്രയുംപെട്ടെന്ന് പ്രശ്നത്തിന് പരിഹാരം കാണണമെന്നും പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്നും യൂനിയന്‍ ആവശ്യപ്പെട്ടു. പെട്ടെന്നുള്ള പിരിച്ചുവിടല്‍ കാരണം ഇവര്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. എണ്ണ വില കുറഞ്ഞത് കാരണം എണ്ണ മേഖലയുമായി ബന്ധപ്പെട്ട നിരവധി കമ്പനികള്‍ക്ക് കരാറുകള്‍ നഷ്ടപ്പെട്ടിരുന്നു. ഇതുകാരണം 1000ത്തിലധികം സ്വദേശികള്‍ക്ക് കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ജോലി നഷ്ടപ്പെട്ടിരുന്നു. ഇതിനെതിരെ ഒമാന്‍ ദേശീയദിനത്തില്‍ സമരമാരംഭിക്കാന്‍ യൂനിയനുകള്‍ ആഹ്വാനംചെയ്തിരുന്നു.
ജീവനക്കാരുടെ കൂട്ട പിരിച്ചുവിടല്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ടായിരുന്നു സമരാഹ്വാനം. സ്വദേശികളെ പിരിച്ചുവിടുംമുമ്പ് സര്‍ക്കാറിന്‍െറ അനുമതി വാങ്ങണമെന്ന് കഴിഞ്ഞ ദിവസം മന്ത്രിസഭ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഒമാനില്‍ യൂനിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവാദമുണ്ടെങ്കിലും ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖല രാജ്യത്തിന്‍െറ പ്രധാന സാമ്പത്തിക സ്രോതസ്സ് ആയതിനാല്‍ ഈ മേഖലയില്‍ സമരത്തിന് നിരോധമുണ്ട്. പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചതിനാല്‍ യൂനിയന്‍ സമരവുമായി മുന്നോട്ടുപോവുമോ എന്ന വിഷയത്തില്‍ യൂനിയന്‍ ചെയര്‍മാന്‍ സുഊദ് അസ്സാല്‍മി പ്രതികരിച്ചില്ളെന്ന് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു.
ജോലിയില്‍നിന്ന് പിരിച്ചുവിട്ടത് വന്‍ പ്രതിസന്ധികള്‍ ഉണ്ടാക്കിയതായി സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. നിലവിലുള്ള പിരിച്ചുവിടല്‍ 2000ത്തോളം കുടുംബങ്ങളെ ബാധിച്ചതായും ഇവര്‍ പറയുന്നു. പലരും കുടുംബച്ചെലവ് നടത്തുന്നത് ശമ്പളംകൊണ്ടാണ്. പലരും ലോണുകള്‍ തിരിച്ചടക്കാന്‍ പ്രയാസപ്പെടുമെന്ന് ഭയക്കുന്നു. ജോലി തിരിച്ചുലഭിച്ചില്ളെങ്കില്‍ വീടുനിര്‍മാണം, കുട്ടികളുടെ ചികിത്സ എന്നിവയും അവതാളത്തിലാവും.
തൊഴിലാളി യൂനിയനുകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ള രാജ്യമാണ് ഒമാന്‍. മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ ബഹ്റൈനില്‍ മാത്രമാണ് ഈ സ്വാതന്ത്ര്യമുള്ളത്. 20,000ത്തിലധികം സ്വദേശികളാണ് ഓയില്‍, ഗ്യാസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇവരില്‍ പലരും ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരാണ്. എണ്ണവില കുറഞ്ഞത് സാമ്പത്തിക മേഖലയെ ബാധിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ മിച്ച ബജറ്റായിരുന്ന ഒമാന്‍ ഈ വര്‍ഷത്തെ ആദ്യ എട്ട് മാസങ്ങളില്‍ 2.68 ശതകോടി റിയാല്‍ ബജറ്റ് കമ്മി നേരിടുന്നുണ്ട്. ഒമാനിലെ എണ്ണ ഉല്‍പാദനം ചെലവുകൂടിയതായതും സാമ്പത്തിക മേഖലയെ ബാധിക്കുന്നുണ്ട്. സാമ്പത്തിക മേഖലയില്‍ നേരിടാനിടയുള്ള പ്രതിസന്ധി പരിഹരിക്കാന്‍ ഒമാന്‍ നേരത്തേതന്നെ പദ്ധതികള്‍ തയാറാക്കിയിരുന്നു. ചെലവ് ചുരുക്കല്‍ അടക്കമുള്ള നടപടികള്‍ ഇതില്‍ ഉള്‍പ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.