പാസ്പോര്‍ട്ട് സൂക്ഷിക്കേണ്ടത് തൊഴിലാളികള്‍ –മാനവ വിഭവശേഷി വകുപ്പ്
text_fieldsമസ്കത്ത്: പാസ്പോര്‍ട്ട് സൂക്ഷിക്കേണ്ടത് തൊഴിലാളികളാണെന്നും തൊഴിലുടമകള്‍ അല്ളെന്നും മാനവ വിഭവ ശേഷി വകുപ്പ്. സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും വിദേശ തൊഴിലാളികളുടെ പാസ്പോര്‍ട്ട് തൊഴിലുടമകള്‍ സൂക്ഷിക്കുന്നതായ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് മാനവ വിഭവശേഷി മന്ത്രാലയം തൊഴിലാളി ക്ഷേമ വകുപ്പ് ഡയറക്ടര്‍ ജനറല്‍ സാലിം ബിന്‍ സെയ്ദ് അല്‍ ബാദിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്തു. പരാതികളെ നിയമപരമായ രീതിയിലാകും നേരിടുകയെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികള്‍ ആവശ്യപ്പെടാത്ത പക്ഷം തൊഴിലുടമകള്‍ പാസ്പോര്‍ട്ട് സൂക്ഷിക്കരുതെന്ന് കാട്ടി മന്ത്രാലയം ഏതാനും വര്‍ഷംമുമ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നതാണ്. തൊഴിലാളികളും തൊഴിലുടമകളുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മാനവ വിഭവശേഷി വകുപ്പാണ് ആദ്യം ശ്രമിക്കുക. തങ്ങള്‍ക്ക് പരിഹരിക്കാന്‍ കഴിയാത്ത കേസുകള്‍ പബ്ളിക് പ്രോസിക്യൂഷന് കൈമാറുകയാണ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.