ഒമാനും ഇന്ധനവില വര്‍ധിപ്പിക്കാനൊരുങ്ങുന്നു
text_fieldsമസ്കത്ത്: എണ്ണവിലയിടിവിനെ തുടര്‍ന്നുള്ള സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ ഒമാനും ആഭ്യന്തരവിപണിയില്‍ ഇന്ധനവില വര്‍ധിപ്പിക്കാനൊരുങ്ങുന്നു. അടുത്തമാസം പകുതിയോടെ ഇന്ധനവിലയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭാ കൗണ്‍സില്‍ യോഗം അനുമതി നല്‍കി. സബ്സിഡി നീക്കുന്നതോടെ ഒമാന്‍വിപണിയില്‍ ഇന്ധനവില വര്‍ധിക്കും. അടുത്തവര്‍ഷത്തെ ബജറ്റും ഒമ്പതാമത് പഞ്ചവത്സര പദ്ധതിയും ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് നിര്‍ണായക തീരുമാനമെടുത്തത്. പ്രതിസന്ധി മറികടക്കാന്‍ കമ്പനികളുടെ വരുമാനനികുതി വര്‍ധിപ്പിക്കാനുള്ള നിര്‍ദേശത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. യു.എ.ഇക്ക് പിന്നാലെയാണ് ഒമാനും ഇന്ധനവില നിയന്ത്രണം നീക്കാനൊരുങ്ങുന്നത്. സൗദി അറേബ്യ കഴിഞ്ഞദിവസം ഇന്ധനം, വൈദ്യുതി, ജലം തുടങ്ങിയവയുടെ നിരക്കില്‍ വലിയ വര്‍ധന വരുത്തിയിരുന്നു. കുവൈത്തും ബഹ്റൈനും ഡീസലിന്‍െറയും മണ്ണെണ്ണയുടെയും സബ്സിഡി ഇതിനകം നീക്കിയിട്ടുണ്ട്. പെട്രോള്‍ സബ്സിഡികൂടി നീക്കാനുള്ള ഒരുക്കത്തിലാണ് കുവൈത്ത്. ജനുവരി പകുതിയോടെ ആഗോള ഇന്ധനവിലക്ക് അനുസൃതമായി രാജ്യത്തെ പെട്രോള്‍-ഡീസല്‍ വില പുതുക്കിനിശ്ചയിക്കാനാണ് തീരുമാനം. രാജ്യത്തെ കമ്പനികള്‍ ലാഭത്തിനനുസൃതമായി നല്‍കേണ്ട കോര്‍പറേറ്റ് ടാക്സ് വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. നിലവിലെ 12 ശതമാനം നികുതി 15 ശതമാനമായി ഉയര്‍ത്താനാണ് തീരുമാനം. അതോടൊപ്പം 30,000 റിയാല്‍വരെ വരുമാനമുള്ള കമ്പനികളെ നികുതി പരിധിയില്‍നിന്ന് ഒഴിവാക്കിയ തീരുമാനം റദ്ദാക്കിയതായും സൂചനയുണ്ട്. ആഗോളവിപണിയില്‍ ക്രൂഡോയില്‍ വില റെക്കോഡ് ഇടിവിലേക്ക് വീണ സാഹചര്യത്തിലാണ് ഈ നടപടികള്‍. എണ്ണ ഉല്‍പാദകരാജ്യം എന്നനിലയില്‍ ക്രൂഡോയില്‍ വിലയുടെ അടിസ്ഥാനത്തിലാണ് ഒമാന്‍ ബജറ്റ് തയാറാക്കുന്നത്. സര്‍ക്കാര്‍ ചെലവുകള്‍ ചുരുക്കിയും എണ്ണയിതര വരുമാനം വര്‍ധിപ്പിച്ചും പ്രതിസന്ധിയെ അതിജീവിക്കാനുള്ള പദ്ധതികളാണ് ഒമാന്‍സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. ഇതിന്‍െറ ഭാഗമായാണ് കോര്‍പറേറ്റ് നികുതി ഉയര്‍ത്തുന്നത്. ഒപ്പം വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഈടാക്കുന്ന ഫീസ് വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഇന്ധനവില മാറുന്നതിനനുസരിച്ച് അവശ്യവസ്തുക്കളുടെ വില അന്യായമായി വര്‍ധിപ്പിക്കുന്നത് തടയാന്‍ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വിപണിയില്‍ നിരീക്ഷണം ശക്തമാക്കും.
ബജറ്റിനും പഞ്ചവത്സരപദ്ധതിക്കും കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. അടുത്തമാസം ആദ്യമാണ് ബജറ്റ് പ്രഖ്യാപിക്കുക. ബജറ്റിലെയും പഞ്ചവത്സര പദ്ധതിയിലെയും കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
