ഉല്‍പന്നങ്ങളില്‍ ക്വാളിറ്റിമുദ്ര നിര്‍ബന്ധമാക്കും
text_fieldsമസ്കത്ത്: സുല്‍ത്താനേറ്റിനെ നിലവാരമുള്ള ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന കേന്ദ്രമാക്കിമാറ്റാന്‍ കര്‍മപദ്ധതിയുമായി വ്യവസായ വാണിജ്യമന്ത്രാലയം.
മന്ത്രാലയത്തിന്‍െറ കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഫോര്‍ സ്പെസിഫിക്കേഷന്‍സ് ആന്‍ഡ് മെഷര്‍മെന്‍റ്സ് ആഭിമുഖ്യത്തിലാണ് ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നത്.
ഇതിന്‍െറ ഭാഗമായി രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന സേവനങ്ങളില്‍ ക്വാളിറ്റിമുദ്ര നിര്‍ബന്ധമാക്കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഫോര്‍ സ്പെസിഫിക്കേഷന്‍സിലെ എന്‍ജിനീയര്‍ ഇദ്രീസ് ബിന്‍ ഹസന്‍ അല്‍ സിനാന്‍ അറിയിച്ചു. ഇതുസംബന്ധിച്ച മന്ത്രിതല ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു.
സാധനങ്ങള്‍ ഏത് കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്നതായാലും അത് ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍മിക്കുന്നതാണെന്ന് വാങ്ങുന്നവന് ഉറപ്പുനല്‍കുകയാണ് ക്വാളിറ്റിമുദ്രയിലൂടെ ലക്ഷ്യമിടുന്നത്.
മുദ്രണം ലഭിക്കുന്നതിനായി നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം. ഉല്‍പാദനത്തിന്‍െറ എല്ലാതലങ്ങളിലും ഗുണനിലവാരം കാത്തുസൂക്ഷിക്കുന്നുവെന്നത് ഉറപ്പാക്കാന്‍ മുദ്രണം നിര്‍ബന്ധമാക്കുന്നതിലൂടെ സാധിക്കും.
ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ക്ക് വിപണിയില്‍ സമാന ഉല്‍പന്നങ്ങളെക്കാള്‍ മേല്‍ക്കൈ നേടാന്‍ കഴിയുമെന്ന് എന്‍ജിനീയര്‍ ഇദ്രീസ് പറഞ്ഞു.