തൊഴില്‍സ്ഥലത്തെ ചൂഷണം: ഗള്‍ഫില്‍നിന്ന് ഈ വര്‍ഷം കിട്ടിയത് 7432 പരാതികള്‍
text_fieldsമസ്കത്ത്: ഗള്‍ഫ് രാഷ്ട്രങ്ങളില്‍ തൊഴിലെടുക്കുന്നവരില്‍നിന്ന് ഈ വര്‍ഷം ഇതുവരെ 7,432 പരാതികള്‍ ഇന്ത്യന്‍ എംബസികള്‍ക്ക് ലഭിച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ലോക്സഭയെ അറിയിച്ചു. തൊഴില്‍സ്ഥലങ്ങളിലെ ചൂഷണവും പീഡനവും സംബന്ധിച്ചുള്ളതാണ് ഈ പരാതികളില്‍ ഏറെയും. കുവൈത്തില്‍നിന്നാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്, 3236. സൗദി അറേബ്യയില്‍നിന്ന് 2472, ബഹ്റൈനില്‍നിന്ന് 806, ഒമാനില്‍നിന്ന് 413, ഖത്തറില്‍നിന്ന് 378 എന്നിങ്ങനെ പരാതികള്‍ ലഭിച്ചിട്ടുണ്ട്. യു.എ.ഇയില്‍നിന്നാണ് ഏറ്റവും കുറവ് പരാതികള്‍ ലഭിച്ചത് 126. ഭൂരിഭാഗം പരാതികളിലും ഇന്ത്യന്‍ എംബസി വിദേശകാര്യ മന്ത്രാലയത്തിന്‍െറയും അതത് രാഷ്ട്രങ്ങളിലെ നിയമസംവിധാനത്തിന്‍െറയും സഹായത്തോടെ പരിഹാരമുണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ശാരീരിക, ലൈംഗിക അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികളും അവയില്‍ സ്വീകരിച്ച നടപടികളെയും കുറിച്ച് വിദേശകാര്യമന്ത്രാലയം പ്രത്യേക റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. റിക്രൂട്ട്മെന്‍റ്, സംഘടിത മേഖലയിലെ തൊഴിലാളികളുടെ സംരക്ഷണം, ക്ഷേമം തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യ ആറ് ജി.സി.സി രാഷ്ട്രങ്ങളുമായും മലേഷ്യയുമായും ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. വിദേശ രാഷ്ട്രങ്ങളില്‍ തൊഴിലാളികള്‍ക്ക് വിവിധ വിഷയങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനുമായി വിദേശകാര്യമന്ത്രാലയം ഗുര്‍ഗാവില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്ലൈന്‍ കേന്ദ്രം ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.