ഒന്നാം വാർഷിക നിറവിൽ ഒമാൻ എക്രോസ് ഏജസ് മ്യൂസിയം
text_fieldsഒമാൻ എക്രോസ് ഏജസ് മ്യൂസിയം
ഒരു വർഷത്തിനുള്ളിൽ 4.50 ലക്ഷം സന്ദർശകരാണ് ചരിത്ര കൗതുകങ്ങൾ തേടി ഇവിടെയെത്തിയത്
മസ്കത്ത്: ഒമാന്റെ വിവിധ കാലഘട്ടങ്ങളുടെ ചരിത്രത്തിലേക്ക് വാതിൽ തുറക്കുന്ന ഒമാൻ എക്രോസ് ഏജസ് മ്യൂസിയം ഒന്നാം വാർഷികത്തിന്റെ നിറവിൽ. ദാഖിലിയ ഗവർണറേറ്റിലെ മന വിലായത്തിലെ മ്യൂസിയം 2023 മാർച്ച് 13ന് സുൽത്താൻ ഹൈതം ബിൻ താരിഖാണ് നാടിന് സമർപ്പിച്ചത്. ഒന്നാം വാർഷികത്തിന്റെ ഭാഗമായി സന്ദർശകർക്ക് സൗജന്യ പ്രവേശനവും അനുവദിച്ചിരുന്നു. ഇത് മുതലാക്കി നിരവധി ആളുകളാണ് ബുധനാഴ്ച മ്യൂസിയത്തിൽ എത്തിയത്. ഒരുവർഷത്തിനുള്ളിൽ 4,50,000ലധികം ആളുകളാണ് ചരിത്ര കൗതുകങ്ങൾ തേടി മ്യൂസിയം സന്ദർശിച്ചത്. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പ്രവർത്തനങ്ങളുടെ കേന്ദ്ര ബിന്ദുവായും മ്യൂസിയം മാറിയിട്ടുണ്ട്. 74 പരിപാടികളും 74 വിദ്യാഭ്യാസ പരിപാടികളും സംഘടിപ്പിക്കുകയും ചെയ്തു. ഒമാന്റെ ഭൂമിശാസ്ത്രപരമായ രൂപങ്ങൾ, ചരിത്രം, പൈതൃകങ്ങൾ എന്നിവയിലൂടെ ശ്രദ്ധേയമായ പ്രദർശനങ്ങൾക്കൊപ്പം ദാഖിലിയ ഗവർണറേറ്റിന്റെ ഹൃദയഭാഗത്തുള്ള മ്യൂസിയത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനവുമാണ് ഈ വിജയത്തിന് കാരണമെന്ന് ഡയറക്ടർ ജനറൽ അൽ യഖ്സാൻ ബിൻ അബ്ദുല്ല അൽ ഹാർത്തി പറഞ്ഞു.
ഒമാനി യുവതയെ അവരുടെ സാംസ്കാരിക വേരുകളുമായി ബന്ധിപ്പിക്കുന്നതിനും അവബോധം വളർത്തുന്നതിനും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ലക്ഷ്യസ്ഥാനമായി മാറ്റുന്നതിനും മ്യൂസിയത്തിന് കഴിഞ്ഞ ഒരു വർഷത്തിലൂടെ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുഅവധി ദിനങ്ങളിൽ നല്ല തിരക്കാണ് ഇവിടെ അനുഭവപ്പെടാറുള്ളത്. സന്ദർശന സമയം നീട്ടുക, അധിക ജീവനക്കാരെ നിയമിക്കുക തുടങ്ങിയ നടപടികളോടെയായിരുന്നു ഇത്തരം സന്ദർഭങ്ങളിൽ സന്ദർശകരെ മ്യൂസിയം വരവേറ്റിരുന്നത്. തലസ്ഥാന നഗരിയായ മസ്കത്തിൽ നിന്ന് 160 കി.മീറ്റർ അകലെയാണ് മ്യൂസിയം. മസ്കത്തിൽനിന്ന് കാർ ഉപയോഗിച്ചാണ് യാത്രയെങ്കിൽ ഏകദേശം ഒരു മണിക്കൂറും 40 മിനിറ്റുകൊണ്ടും ഇവിടെ എത്താവുന്നതാണ്.
ഗാലറികൾ, ലൈബ്രറി, ഓഡിറ്റോറിയം, കഫേകൾ, സാമൂഹിക, ഗവേഷണ ഇടങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. സ്ഥിരമായി പ്രദർശനം നടത്താനായി 9,000 ചതുരശ്ര മീറ്റർ സ്ഥലമാണ് നീക്കിവെച്ചിട്ടുള്ളത്. പരേതനായ സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ കീഴിൽ രാജ്യത്തിന്റെ ശ്രദ്ധേയമായ സാമ്പത്തിക, സാങ്കേതിക, രാഷ്ട്രീയ, സാമൂഹിക നവീകരണം പ്രവർത്തനങ്ങളുടെ നീണ്ട ചരിത്രമാണ് ‘നവോത്ഥാന ഗാലറി’യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധ സന്ദർശകർക്ക് ആസ്വാദ്യകരവും വിദ്യാഭ്യാസപരവുമായ മ്യൂസിയം അനുഭവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള സംവേദനാത്മക ഓഡിയോ-വിഷ്വൽ വിവരണവും ഉണ്ട്. അന്തരിച്ച മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ രാജകീയ ഉത്തരവിനെ തുടർന്ന് 2015 ജൂലൈ 14നാണ് പദ്ധതിക്ക് തറക്കല്ലിടുന്നത്.
ശനി മുതൽ വ്യാഴം വരെ ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെയുള്ള സമയങ്ങളിൽ ഇവിടെ എത്താം. പ്രധാന ഗേറ്റ്, വിജ്ഞാന കേന്ദ്രം തുടങ്ങിയവ രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെ തുറക്കും. സ്വദേശികൾക്കും ജി.സി.സി പൗരന്മാർക്കും ഒരു റിയാലും പ്രവാസികൾക്ക് രണ്ടു റിയാലുമായിരിക്കും പ്രവേശന ഫീസ്. വിനോദസഞ്ചാരികൾ അഞ്ചു റിയാൽ നൽകണം.
60 വയസ്സും അതിൽ കൂടുതലുമുള്ള മുതിർന്ന വ്യക്തികൾ, ആറ് വയസ്സിന് താഴെയുള്ള കുട്ടികൾ, 25 വയസ്സും അതിൽ താഴെയുമുള്ള വിദ്യാർഥികൾ (സാധുവായ വിദ്യാർഥി ഐ.ഡിയോടെ) ഉൾപ്പെടെ ചില ഗ്രൂപ്പുകൾക്ക് സൗജന്യ പ്രവേശനം അനുവദിക്കും. ഇ-പേമെന്റ് രീതികളാണ് മ്യൂസിയത്തിൽ ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

