ദാഹിറയിൽ 18 ഭൂഗർഭജല റീചാർജ് അണക്കെട്ടുകളൊരുങ്ങുന്നു
text_fieldsദാഹിറയിലെ ഭൂഗർഭജല റീചാർജ് അണക്കെട്ടുകളിലൊന്ന്
മസ്കത്ത്: കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയവുമായി സഹകരിച്ച് ദാഹിറ ഗവർണറേറ്റിലെ വിലായത്തുകളിലെ പൗരന്മാർ 18 ഭൂഗർഭജല റീചാർജ് അണക്കെട്ടുകളുടെ നിർമാണത്തിൽ കൈകോർത്തു.
കമ്യൂണിറ്റി പങ്കാളിത്ത പദ്ധതിയുടെ ഭാഗമായാണിത്. ഭൂഗർഭജലശേഖരം വർധിപ്പിക്കുന്നതിനും ഭാവി തലമുറകൾക്കായി ജലസ്രോതസ്സുകളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.അണക്കെട്ടുകളുടെ നിർമാണത്തിന് തദ്ദേശീയ പൗരന്മാരും മന്ത്രാലയവും ധനസഹായം നൽകി.
കമ്യൂണിറ്റി പങ്കാളിത്ത സംരംഭത്തിന്റെ ഭാഗമായി ഏഴ് പുതിയ ഭൂഗർഭജല റീചാർജ് അണക്കെട്ടുകളുടെ നിർമാണം നടക്കുകയാണെന്ന് ഗവർണറേറ്റിലെ ജലവിഭവവകുപ്പ് ഡയറക്ടർ എൻജിനീയർ മുബാറക് സലിം അൽ ജാബ്രി പറഞ്ഞു. ഇബ്രി വിലായത്തിൽ മൂന്ന്, യാങ്കുളിലെ വിലായത്തിൽ മൂന്ന്, ധങ്കിലെ വിലായത്തിൽ ഒന്ന് എന്നിങ്ങനെയാണ് അണക്കെട്ടിന്റെ നിർമാണം നടക്കുന്നത്. പദ്ധതി ചെലവിന്റെ 20 ശതമാനം മന്ത്രാലയവും ബാക്കി പൗരന്മാരുമാണ് വഹിക്കുന്നത്.
കിണറുകളിലെയും ഫലജുകളിലെയും ജലവിതരണം മെച്ചപ്പെടുത്തുന്നതിൽ അണക്കെട്ടുകൾ പ്രധാന ഘടകമാണെന്നും ഇത് കാർഷിക ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും സമൂഹത്തിന് സുസ്ഥിരമായി വെള്ളം നൽകുന്നതിനും സഹായിക്കുമെന്നും ജാബ്രി പറഞ്ഞു.
ഗവർണറേറ്റിൽ നിലവിലുള്ള എട്ട് അണക്കെട്ടുകളുടെ അറ്റകുറ്റപ്പണികളും ഈ വർഷം പൂർത്തിയായതായി അൽ ജാബ്രി കൂട്ടിച്ചേർത്തു.
ഭൂഗർഭജല റീചാർജ്, വെള്ളപ്പൊക്ക സംരക്ഷണം എന്നിവ ലക്ഷ്യമിട്ട് 36 അണക്കെട്ടുകളാണ് ദാഹിറ ഗവർണറേറ്റിലുള്ളത്. 18 എണ്ണം സർക്കാർ അണക്കെട്ടുകളും 18 എണ്ണം കമ്യൂണിറ്റി പങ്കാളിത്ത അധിഷ്ഠിതവുമാണ്. ജലസുരക്ഷയുടെയും ജലസ്രോതസ്സുകളുടെയും അടിസ്ഥാനസൗകര്യങ്ങളെ പിന്തുണക്കുന്നതിൽ ഈ അണക്കെട്ടുകൾ ഒരു അടിസ്ഥാന സ്തംഭമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

