റുസ്താഖിൽ 15 വയസ്സുകാരി മുങ്ങിമരിച്ചു; രണ്ടു പേരെ രക്ഷിച്ചു
text_fieldsറുസ്താഖ് വാദി ബനീ ഹാനിയിൽ രക്ഷാപ്രവർത്തനത്തിന് എത്തിയ സിവിൽ ഡിഫൻസ് വാഹനം
മസ്കത്ത്: ഒമാനിൽ രണ്ട് സംഭവങ്ങളിലായി മൂന്നുപേർ മരിച്ചു. റുസ്താഖ് വിലായത്തിലെ വാദി ബനീ ഹാനിയിൽ 15 വയസ്സുള്ള സ്വദേശി ബാലിക മുങ്ങിമരിച്ചു. ശനിയാഴ്ച വൈകീട്ടാണ് സംഭവം. രണ്ട് സ്വദേശി സ്ത്രീകളെ രക്ഷപ്പെടുത്തിയതായും സിവിൽ ഡിഫൻസ് അറിയിച്ചു.
സ്വദേശികളും വിദേശികളും വാദികളിൽ നീന്താനിറങ്ങരുതെന്ന് സിവിൽ ഡിഫൻസ് ഒാർമിപ്പിച്ചു. കുട്ടികൾ വെള്ളത്തിലിറങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും സിവിൽ ഡിഫൻസ് നിർദേശിച്ചു.
തെക്കൻ ശർഖിയ ഗവർണറേറ്റിൽ വാഹനം മലമുകളിൽനിന്ന് വീണ് രണ്ട് അറബ് വംശജരും മരിച്ചു. തിവി ജില്ലയിലെ ഖെരാൻ മേഖലയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. എത്തിപ്പെടാൻ ദുർഘടമായ സ്ഥലത്താണ് അപകടം നടന്നതെന്നതിനാൽ ആർ.ഒ.പി ഹെലികോപ്ടർ ഉപയോഗിച്ചാണ് രക്ഷാ പ്രവർത്തനം നടത്തിയത്.