മുസന്ദമിൽ 12 സമുദ്ര സസ്തനികളെ കൂടി കണ്ടെത്തി
text_fieldsമുസന്ദം ഗവർണറേറ്റിലെ സമുദ്ര സസ്തനികളെ സംബന്ധിച്ച സർവേയിൽനിന്ന്
മസ്കത്ത്: മുസന്ദം ഗവർണറേറ്റിലെ സമുദ്ര സസ്തനികളെ സംബന്ധിച്ച സമഗ്ര സർവേ പദ്ധതിയുടെ അവസാന ഘട്ടം വിജയകരമായി പൂർത്തിയായതായി പരിസ്ഥിതി അതോറിറ്റി അറിയിച്ചു. അവസാനഘട്ട സർവേയിൽ 12 സമുദ്ര സസ്തനികളെക്കൂടി കണ്ടെത്തി. ശേഖരിച്ച പുതിയ വിവരങ്ങൾ രാജ്യത്തിന്റെ സമുദ്ര സംരക്ഷണ പദ്ധതികൾക്ക് സഹായകരമാകുമെന്ന് അതോറിറ്റി പ്രതീക്ഷ പ്രകടിപ്പിച്ചു.
അവസാനഘട്ട സർവേയിൽ 12 സമുദ്ര സസ്തനികളെ കണ്ടതായി പരിസ്ഥിതി അതോറിറ്റിയിലെ വന്യജീവി മാനേജ്മെന്റ് വിഭാഗം മേധാവി ഹൈതം ബിൻ സുലൈമാൻ അൽ റവാഹി അറിയിച്ചു. ഇവയിൽ ഇന്ത്യൻ ഓഷ്യൻ ഹംപ്ബാക്ക് ഡോൾഫിൻ, സ്പിന്നർ ഡോൾഫിൻ, ഇൻഡോ-പസഫിക് ബോട്ടിൽനോസ് ഡോൾഫിൻ, ലോംഗ്-ബീക്ഡ് ജനറൽ ഡോൾഫിൻ, യെല്ലോ സ്പോട്ട് സ്പീഷീസ് എന്നിവ ഉൾപ്പെടുന്നു. 2023, 2024, 2025 ലെ ആദ്യഘട്ടം എന്നിവയിൽ നടത്തിയ സർവേകളുടെ ഫലങ്ങളിൽ അഞ്ച് ഇനം സമുദ്ര സസ്തനികൾ രേഖപ്പെടുത്തിയിരുന്നു. ഇതിൽ നാല് ഇനം ഡോൾഫിനുകൾ ഉൾപ്പെടുന്നു. ഒമ്പത് കടൽയാത്രകൾ ഈ ഘട്ടത്തിൽ പൂർത്തിയാക്കി. ഇതോടെ പദ്ധതി ആരംഭിച്ചതു മുതൽ ആകെ 41 സമുദ്രയാത്രകൾ. ആകെ നടത്തിയ 5,367.8 കിലോമീറ്റർ സർവേ യാത്രയിൽ 1,173 കിലോമീറ്റർ അവസാന ഘട്ടത്തിലാണ് സഞ്ചരിച്ചത്. 33 പേരാണ് സർവേയിൽ പങ്കെടുത്തത്. പരിസ്ഥിതി അതോറിറ്റിയിൽനിന്ന് 15 പേരും പൈതൃക-ടൂറിസം മന്ത്രാലയത്തിൽനിന്ന് ഒരാളും വിദ്യാർഥി പരിസ്ഥിതി കൗൺസിലിൽനിന്ന് ഒരാളും അസ്യാദ് ഷിപ്പിങ്ങിൽ നിന്നുള്ള 10 സന്നദ്ധ പ്രവർത്തകരും വിവിധ മാധ്യമങ്ങളിൽനിന്നുള്ള അഞ്ചു പ്രതിനിധികളുമാണ് സർവേയിൽ പങ്കെടുത്തത്. സർവേയിൽ “സ്പിന്നർ സ്പിന്നർ” 'ഡേറ്റ ആപ്, സമുദ്ര സസ്തനികളുടെ ശബ്ദ റെക്കോഡിങ് ഉപകരണങ്ങൾ, രാസ-ഭൗതിക നിരീക്ഷണ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്ന ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചു.
അവസാനഘട്ടത്തിൽ നാട്ടുകാരെയും സന്നദ്ധ പ്രവർത്തകരെയും ഉൾപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. അസ്യാദ് ഷിപ്പിങ് കമ്പനിയുടെ സജീവ പങ്കാളിത്തത്തോടെ ഖസബിലെ ബാസാ ബീച്ചിൽ ബോധവത്കരണ പരിപാടികളും പ്രാരംഭ ശിൽപശാലകളും സംഘടിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ “വെയിൽ സാബൂറിനൊപ്പം നിധി തേടി” എന്ന പേരിൽ ഒരു ഇന്ററാക്ടീവ് ഗെയിം അവതരിപ്പിച്ച്, കുട്ടികളിൽ രസകരമായ രീതിയിൽ സമുദ്ര പരിസ്ഥിതി ബോധം വളർത്തി. കൂടാതെ, “സാരി ഖസബ്” പദ്ധതിയുടെ ഭാഗമായി ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകൾക്കായി സമുദ്രജീവിതത്തെ ആസ്പദമാക്കിയ കലയുടെയും ഉൽപന്നങ്ങളുടെയും ശിൽപശാലകളും നടന്നു. മത്സ്യത്തൊഴിലാളികൾ, വിദ്യാർഥികൾ, പരിസ്ഥിതി പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി ഒമാനിലെ സമുദ്രജീവജാല സംരക്ഷണത്തെക്കുറിച്ചുള്ള സംവാദ സമ്മേളനവും സംഘടിപ്പിച്ചു.
അവസാനഘട്ടത്തിൽ തീരത്തുനിന്ന് 11 കിലോമീറ്ററിലധികം അകലെയുള്ള ആഴത്തിലുള്ള കടൽപ്രദേശങ്ങളിലേക്കുള്ള സർവെ ഉൾപ്പെടുത്തിയതായി എൻജിനീയർ ഐദ ബിൻത് ഖലഫ് അൽ ജാബ്രി പറഞ്ഞു. റാസ് മുസന്ദം മുതൽ ലിമ ജില്ല വരെ തീരപ്രദേശങ്ങൾ ഉൾപ്പെടുത്തിയ സർവേയിൽ സമുദ്രജീവികളുടെ പ്രധാന ഡേറ്റ ശേഖരിച്ചു, അവരുടെ പരിസ്ഥിതിപ്രാധാന്യത്തെക്കുറിച്ചുള്ള സാമൂഹിക ബോധവത്കരണം വർധിപ്പിക്കാനായി ശ്രമിച്ചതായും അവർ പറഞ്ഞു. മുസന്ദം ഗവർണറുടെ ഓഫിസ്, പൈതൃക-ടൂറിസം മന്ത്രാലയം, കാർഷിക സമ്പത്ത്, മത്സ്യ, ജലസമ്പത്തുമന്ത്രാലയം, മുസന്ദം നാവികസേനാ ആസ്ഥാനം, ഷിനാസ് കപ്പൽ, ഖസബിലെ കോസ്റ്റ് ഗാർഡ്, ഒമാൻ റോയൽ എയർ ഫോഴ്സ്, വിദ്യാഭ്യാസ ഡയറക്ടറേറ്റ് ജനറൽ തുടങ്ങിയ നിരവധി ഏജൻസികളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കിയതെന്ന് അവർ ചൂണ്ടിക്കാട്ടി.
സർവേയിൽ ശേഖരിച്ച വിവരങ്ങൾ ഇപ്പോൾ ശാസ്ത്രീയമായി വിശകലനം ചെയ്യുകയും, പ്രാദേശിക സമൂഹത്തെയും മത്സ്യത്തൊഴിലാളികളെയും ഉൾപ്പെടുത്തി ഒരു പ്രത്യേക ഹോട്ട്ലൈനും ഇലക്ട്രോണിക് പോർട്ടലും വഴി നിരീക്ഷണം തുടരുമെന്നും അതോറിറ്റി അറിയിച്ചു. ഭാവിയിൽ മറ്റു തീരപ്രദേശങ്ങളിലേക്കും സമാന സർവേകൾ വ്യാപിപ്പിക്കാനുള്ള പദ്ധതി നിലവിലുണ്ടെന്നും പ്രാധാന്യനിരീക്ഷണത്തിനു ശേഷം പുതിയ സ്ഥലങ്ങൾ പ്രഖ്യാപിക്കുമെന്നും അധികൃതർ പറഞ്ഞു. പദ്ധതിയുടെ ഫലങ്ങൾ ഉടൻ നടത്തുന്ന പത്രസമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്നും, ശാസ്ത്രീയ കണ്ടെത്തലുകൾ അന്താരാഷ്ട്ര ജേർണലുകളിൽ പ്രസിദ്ധീകരിക്കുമെന്നും പരിസ്ഥിതി അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

