പത്താമത് എസ്.എം.എസ് യുവജനോത്സവം 24 മുതൽ
text_fieldsസോഹാർ മലയാളി സംഘം ഭാരവാഹികൾ മസ്കത്തിൽ നടന്ന വാർത്ത സമ്മേളനത്തിൽ
മസ്കത്ത്: സോഹാർ ഇന്ത്യൻ സോഷ്യൽ ക്ലബ്ബുമായി സഹകരിച്ച് സോഹാർ മലയാളി സംഘം സംഘടിപ്പിക്കുന്ന പത്താമത് എസ്എംഎസ് യുവജനോത്സവത്തിന്റെ തീയതികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒരു ദശാബ്ദക്കാലത്തെ സാംസ്കാരിക മികവിന്റെയും സമൂഹ ആഘോഷത്തിന്റെയും അടയാളമായ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ് മുഖ്യാതിഥിയായിരിക്കും. വിവിധ പ്രായത്തിലുള്ള നൂറുകണക്കിന് ആളുകൾ വേദിയിലും വേദിക്ക് പുറത്തുമുള്ള മത്സരങ്ങളിൽ പങ്കെടുക്കും.
ഒക്ടോബർ 24 ന് സോഹാറിലെ ലുലു മാളിൽ ഓഫ് സ്റ്റേജ് മത്സരങ്ങൾ നടക്കുമെന്നും നവംബർ ഏഴ്, എട്ട് തീയതികളിൽ സോഹാർ പ്ലാസയിൽ സ്റ്റേജ് പരിപാടികൾ നടക്കുമെന്നും സംഘാടകർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഒമാനിലെ ഇന്ത്യൻ വിദ്യാർഥികൾക്കിടയിൽ സർഗാത്മകത, ടീം വർക്ക്, സാംസ്കാരിക ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് യുവജനോത്സവത്തിന്റെ ലക്ഷ്യം. കഴിഞ്ഞവർഷം 400 ലേറെ വിദ്യാർഥികൾ പങ്കെടുത്തതായും ഇത്തവണ ഒമാനിലുടനീളമുള്ള ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള 600 ഓളം വിദ്യാർഥികളെ മൽസരാർഥികളായി പ്രതീക്ഷിക്കുന്നതായും സംഘാടകർ പറഞ്ഞു.
സബ് ജൂനിയർ, ജൂനിയർ, സീനിയർ, ഓപ്പൺ ടു ഓൾ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി അഞ്ചു വേദികളിലായാണ് മത്സരങ്ങൾ നടക്കുക. സാഹിത്യം, കല, പെർഫോമിംങ് ആർട്സ് എന്നീ വിഭാഗങ്ങളിലായി 44 മത്സരങ്ങൾ പരിപാടിയിൽ ഉണ്ടായിരിക്കുമെന്ന് എസ്.എം.എസ് പ്രസിഡന്റ് മനോജ് കുമാർ പറഞ്ഞു.ഇന്ത്യയിൽനിന്നും യുഎഇയിൽ നിന്നുമുള്ള 14 പ്രമുഖ ജഡ്ജിമാരുടെ പാനൽ മത്സരങ്ങളുടെ വിധി നിർണയിക്കും. സ്റ്റേജിലെ മത്സരങ്ങളിൽ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കേരള നടനം, സെമി-ക്ലാസിക്കൽ നൃത്തം, നാടോടി നൃത്തം, പാശ്ചാത്യ നൃത്തം, സിനിമാറ്റിക് നൃത്തം, എക്സ്റ്റെംപോർ എന്നിവയുൾപ്പെടെ നിരവധി പ്രകടനങ്ങൾ പ്രദർശിപ്പിക്കുമെന്ന് എസ്എംഎസ് ജനറൽ സെക്രട്ടറി വാസുദേവൻ പിട്ടൻ കൂട്ടിച്ചേർത്തു.
സംഗീത, നാടക പരിപാടികളിൽ ലളിത സംഗീതം, ചലച്ചിത്ര ഗാനം, ശാസ്ത്രീയ സംഗീതം, ഉപകരണ സംഗീതം, നാടക ഗാനം, മാപ്പിളപ്പാട്ട്, നാടൻ പാട്ട്, മോണോ ആക്ട്, മിമിക്രി എന്നിവ ഉൾപ്പെടും. കൂടാതെ കഥാപ്രസംഗം, ഫാൻസി ഡ്രസ്സ് എന്നിവയും ഉണ്ടാകും. ഓഫ് സ്റ്റേജ് മത്സരങ്ങളിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ ഉപന്യാസ രചന, കവിതാ രചന, കൈയക്ഷരം, ചെറുകഥ രചന എന്നിവയുണ്ടാകും. കൂടാതെ, പെൻസിൽ ഡ്രോയിങ്, പെൻസിൽ കളറിങ് മത്സരങ്ങളും ഉണ്ടായിരിക്കും. ഒക്ടോബർ 20 വരെ സോഹാർ മലയാളി സംഘം വെബ്സൈറ്റ് വഴി ഇന്ത്യൻ വംശജരായ വിദ്യാർഥികൾക്കും മുതിർന്നവർക്കും രജിസ്റ്റർ ചെയ്യാം.
ഒമാനിലെ ഇന്ത്യൻ പ്രവാസികളുടെ കഴിവുകളും ആത്മാവും ആഘോഷിക്കുന്ന ഒരു സുപ്രധാന സാംസ്കാരിക വേദിയായി എസ്എംഎസ് യൂത്ത് ഫെസ്റ്റിവൽ വളർന്നിട്ടുണ്ടെന്ന് പ്രോഗ്രാം കൺവീനർ ജയൻ മേനോൻ അഭിപ്രായപ്പെട്ടു. ജനറൽ കൺവീനർ വാസുദേവൻ നായർ, സാംസ്കാരിക സെക്രട്ടറി ജയൻ മേനോൻ, ട്രഷറർ റിജു വൈലോപ്പിള്ളി, വൈസ് പ്രസിഡന്റ് സുനിൽ കുമാർ, വനിതാ വിഭാഗം സെക്രട്ടറി ജ്യോതി മുരളി, കുട്ടികളുടെ വിഭാഗം സെക്രട്ടറി രാധിക ജയൻ, മാനേജ്മെന്റ് കമ്മിറ്റി അംഗം സുരേഷ് ബാബു ഉണ്ണി എന്നിവരും മസ്കത്തിൽ നടന്ന വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

