ജൂണിൽ പത്തുലക്ഷം വാക്സിനെത്തും; 45 കഴിഞ്ഞവർക്ക് കുത്തിവെപ്പെടുക്കാം
text_fieldsമസ്കത്തിൽ വാക്സിൻ കേന്ദ്രത്തിൽ കുത്തിവെപ്പ് എടുക്കാനെത്തിയവർ
മസ്കത്ത്: അടുത്തമാസം രാജ്യത്ത് പത്തുലക്ഷം വാക്സിനുകളെത്തുമെന്നും 45 വയസ്സ് കഴിഞ്ഞവർക്ക് കുത്തിവെപ്പ് ആരംഭിക്കുമെന്നും ആരോഗ്യമന്ത്രാലയം വിദഗ്ധർ അറിയിച്ചു. ജൂൺ അവസാനത്തോടെ 15 ലക്ഷം പേരുടെ പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാകുമെന്നും വാക്സിൻ ചുമതലയുള്ള ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൂടുതൽ വാക്സിൻ വിതരണം ചെയ്ത് രോഗികളുടെ എണ്ണവും മരണവും കുറക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. നിലവിലെ കോവിഡ് വ്യാപനത്തെ പിടിച്ചുനിർത്താൻ വ്യാപകമായ കുത്തിവെപ്പ് സഹായിക്കുമെന്നാണ് വാക്സിൻ വിഭാഗം പ്രതീക്ഷിക്കുന്നത്.
വാക്സിനുമായി ബന്ധപ്പെട്ട മന്ത്രിമാരുടെ സമിതിയും സുപ്രീംകമ്മിറ്റി അംഗങ്ങളും യോഗം ചേർന്ന് അടുത്ത ഘട്ടത്തിൽ കൂടുതൽ വിഭാഗങ്ങളെ ടാർഗറ്റ് ഗ്രൂപ്പിൽ ഉൾക്കൊള്ളിക്കുകയും ചെയ്തിട്ടുണ്ട്. 45വയസ്സു പിന്നിട്ടവർക്ക് പുറമെ തീർഥാടകർ, ആരോഗ്യപ്രവർത്തകർ, സർക്കാർ ജീവനക്കാർ, റോയൽ ഒമാൻ പൊലീസ്, സുൽത്താെൻറ സായുധസേന, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ പ്രവർത്തകർ, 12ാം ക്ലാസ് വിദ്യാർഥികൾ, എണ്ണ-ഗ്യാസ് വ്യവസായ മേഖല, തുറമുഖം, വിമാനത്താവളം, വിവിധ സ്വകാര്യ മേഖലയിലുള്ളവർ എന്നിവരാണ് പുതിയ ടാർഗറ്റ് ഗ്രൂപ്പിൽ ഉൾപ്പെട്ടിരിക്കുന്നത്.
എല്ലാ ഗവർണറേറ്റുകളിലും കോവിഡ് വാക്സിൻ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിെൻറ പദ്ധതിയും യോഗം ചർച്ച ചെയ്തു. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻറർ, മസ്കത്തിലെ സ്പോർട്സ് കോംപ്ലക്സുകൾ, മറ്റു ഗവർണറേറ്റുകളിലെ സ്കൂളുകൾ, സ്പോർട്സ് കോംപ്ലക്സുകൾ എന്നിവ വാക്സിൻ കേന്ദ്രങ്ങളാകും. സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വാക്സിൻ നൽകുന്നതിന് മൊബൈൽ സംഘെത്തയും നിയമിക്കും. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ വഴിയും വാക്സിൻ വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

