Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sept 2015 2:53 PM IST Updated On
date_range 16 Sept 2015 2:53 PM ISTഹമാലികള്‍ ഈ സൂഖിന്‍െറ സൗന്ദര്യം
text_fieldsbookmark_border
ദോഹ: ദോഹയുടെ ഹൃദയമായി സ്പന്ദിക്കുന്ന സൂഖ് വാഖിഫിന് രണ്ടര നൂറ്റാണ്ടിന്‍െറ ചരിത്രം പറയാനുണ്ട്. ഇന്ന് ദോഹയുടെ ആഘോഷങ്ങളുടെ കേന്ദ്രബിന്ദുവാണ് സൂഖ്. കാഴ്ചയിലും ഗന്ധത്തിലും പൗരാണികതയുടെ പ്രൗഢി നിലനിര്‍ത്തുന്ന കെട്ടിടങ്ങളും ഇടനാഴികളും ‘പഴയ സൂഖ്’ എന്നര്‍ഥം വരുന്ന സൂഖ് വാഖിഫിന്‍െറ പേര് അന്വര്‍ഥമാക്കുന്നതാണ്. വെളുത്ത നീളക്കുപ്പായത്തിന് മേല്‍ മെറൂണ്‍ നിറത്തിലുള്ള മേല്‍കുപ്പായവും തലക്കെട്ടുമണിഞ്ഞ് ചെറിയ ഉന്തുവണ്ടിയുമായി സൂഖിന്‍െറ ധമനികളായ ഇടനാഴികളിലൂടെ നടന്നുനീങ്ങുന്ന ഒരു കൂട്ടമാളുകളെ കാണാമിവിടെ. ഹമാലികള്‍ എന്നറിയപ്പെടുന്ന ചുമട്ടുകാര്‍. വാര്‍ധക്യത്തിന്‍െറ പടികടന്നവരാണ് മിക്കവാറുമെങ്കിലും വിശ്രമമില്ലാതെ ചലിച്ചുകൊണ്ടിരിക്കുന്ന ഹമാലികള്‍ സൂഖിന്‍െറ സൗന്ദര്യം കൂടിയാണ്. ഇവരില്‍ ഭൂരിഭാഗവും ഇറാനികളാണെങ്കിലും കൂട്ടത്തില്‍ ഏതാനും മലയാളികളുമുണ്ട്.
അറബന എന്നറിയപ്പെടുന്ന ചെറിയ ഉന്തുവണ്ടികളുമായി സൂഖിലത്തെുന്നവരുടെ ചുമടുകള്‍ വാഹനങ്ങളിലേക്കത്തെിച്ചു കൊടുക്കുകയാണ് ഹമാലികളുടെ ജോലി. ഉടമസ്ഥര്‍ മനസറിഞ്ഞ് നല്‍കുന്ന തുകയാണ് ഇവരുടെ പ്രതിഫലം. തൃശൂര്‍ കൈപ്പമംഗലം സ്വദേശിയായ അബ്ദുല്‍ കരീം, നാട്ടിക സ്വദേശി മുഹമ്മദലി, കണ്ണൂര്‍ സ്വദേശി അബൂബക്കര്‍ ഇവരെല്ലാം ഏറെക്കാലമായി സൂഖിലുണ്ട്. ഏറെ കാലം ജലവിതരണ രംഗത്ത് ജോലി ചെയ്ത ശേഷമാണ് മുഹമ്മദലി സൂഖില്‍ ഹമാലിയായി എത്തിയത്. കരീം 26 വര്‍ഷം ബഹ്റൈനില്‍ പ്രവാസിയായിരുന്നു. അതിന് ശേഷമാണ് ഖത്തറിലത്തെിയത്. സൂഖിന്‍െറ ചരിത്രവും വര്‍ത്തമാനവും ഓരോ ഹൃദയമിടിപ്പും അബ്ദുല്‍ കരീമിന് ഹൃദിസ്ഥമാണ്. ആദ്യകാലത്ത് ഇറാനി സൂഖ് എന്നാണിത് അറിയപ്പെട്ടിരുന്നത്. ഇറാനിലെ ബന്ദര്‍ അബ്ബാസില്‍ നിന്നും മറ്റ് തുറമുഖ നഗരങ്ങളില്‍ നിന്നും പത്തേമാരികളിലും ചരക്ക് യാനങ്ങളിലും ദോഹ തീരത്ത് കച്ചവടക്കാരത്തെിയിരുന്ന കാലം. കാലക്രമത്തില്‍ പത്തേമാരികളും കച്ചവടക്കാരും അപ്രത്യക്ഷരായെങ്കിലും സൂഖിലെ ഇറാനികളുടെ സാന്നിധ്യം തുടര്‍ന്നു. അറബികളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പരമ്പരാഗത വസ്തുക്കളുടെ കച്ചവടവുമായി ഇവര്‍ ഇറാനി സൂഖിന്‍െറ പേര് നിലനിര്‍ത്തി. നൗകകളിലും പത്തേമാരികളിലും ഇവിടെയത്തെിയ പലരും പിന്നീട് ഖത്തറില്‍ പൗരത്വം നേടുകയും ഇവിടെ സഥിരവാസം ഉറപ്പിക്കുകയും ചെയ്തു. ഇന്ന് സ്വദേശികളില്‍ നല്ളൊരു പങ്ക് ഇറാനി പാരമ്പര്യമുള്ളവരായത് ഇങ്ങനെയാണ്.

എന്നാല്‍, ജോലി തേടിയത്തെിയ മറ്റൊരു വിഭാഗം സ്ഥിരവാസമാക്കിയെങ്കിലും പൗരത്വമൊന്നുമില്ലാതെ ജോലിക്കാരായി തുടര്‍ന്നു. ഒരു പ്രായം കഴിഞ്ഞതോടെ മറ്റു ജോലികള്‍ വിട്ട് അവര്‍ സൂഖിലെ ഹമാലികളായി. പലരും 40ഉം 50ഉം വര്‍ഷം മുമ്പ് ഖത്തറിലത്തെിയവര്‍. സൂഖിലെ ചുമട്ടുകാരുടെ വേഷത്തില്‍ ഹമാലികള്‍ രംഗത്തത്തെിയിട്ട് ഏതാനും വര്‍ഷങ്ങളേ ആയുള്ളൂ. ഇന്ന് ഇവിടെയുള്ള 200ഓളം ഹമാലികളില്‍ 85 ശതമാനവും ഇറാനികളാണ്. ശേഷിക്കുന്നവരില്‍ പാകിസ്ഥാനികളും ബംഗ്ളാദേശുകാരും ബലൂചികളുമുണ്ട്. ഇവരുടെ കൂട്ടത്തിലായി നാലഞ്ച് മലയാളികളും. അബദുല്‍കരീമാണ് ആദ്യത്തെ മലയാളി ഹമാലി. ചുമട്ടുതൊഴിലാളികളാണെങ്കിലും തലച്ചുമടായി ഭാരമെടുക്കേണ്ടതില്ലാത്തതിനാല്‍ ഈ പ്രായത്തിലും ഇവര്‍ ഉന്തുവണ്ടിയുമായി സൂഖില്‍ നിറഞ്ഞു നില്‍ക്കുകയാണ്. രാവിലെ മുതല്‍ രാത്രി ഏറെ വൈകുന്നത് വരെ ഇവരെ സൂഖില്‍ കാണാം. 10 റിയാല്‍ മുതല്‍ 50 റിയാല്‍ വരെ ചിലര്‍ പ്രതിഫലം തരും. ചിലര്‍ മൂന്ന് റിയാലോ അഞ്ച് റിയാലോ ആയിരിക്കും നല്‍കുന്നത്. ജോലിയൊന്നും ചെയ്യിക്കാതെ ഹമാലികള്‍ക്ക് ഭക്ഷണവും പണവും നല്‍കുന്ന സ്വദേശികളുമുണ്ട്. ചില ദിവസങ്ങളില്‍ കൈനിറയെ കാശ് കിട്ടും. ചില ദിവസങ്ങളില്‍ ഒന്നുമുണ്ടാവില്ല. എങ്കിലും 15 റിയാല്‍ കിട്ടിയാലും തങ്ങള്‍ തൃപ്തരാണ്. ഒരു ദിവസത്തെ ഭക്ഷണത്തിന് അത് ധാരാളം. അത്രയും ലളിതമായി ജീവിതത്തിന്‍െറ ഉടമകളാണ് ഹമാലികളെന്ന് അബ്ദുല്‍കരീം പറഞ്ഞു. ഏതാനും വര്‍ഷം മുമ്പ് 500 റിയാല്‍ ഇവര്‍ക്ക് പ്രതിമാസം നല്‍കാന്‍ മുനിസിപ്പല്‍ മന്ത്രാലയം തീരുമാനമെടുത്തു. എന്നാലും എത്ര പോയാലും 1700 റിയാലിനപ്പുറം മാസം ലഭിക്കില്ല. എന്നാല്‍, ഇതുകൊണ്ട് സംതൃപ്തമാണ് ഇവരുടെ ജീവിതം. സൂഖ് വാഖിഫെന്ന പേരില്‍ പഴമയുടെ സൗന്ദര്യം നിലനിര്‍ത്തികൊണ്ടുതന്നെ ഇറാനി സൂഖിനെ ഖത്തര്‍ ഗവണ്‍മെന്‍റ് നവീകരിച്ചതാണ്. രാജ്യത്തിന്‍െറ പാരമ്പര്യവും സംസ്കാരവും പഴമയുടെ സൗന്ദര്യവുമെല്ലാം സമ്മേളിക്കുന്ന ഒരു സാംസ്കാരിക നഗരിയായാണ് ഇന്ന് സൂഖ് വാഖിഫ് അറിയപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
