കുവൈത്തിന്റെ ‘പൊതുശബ്ദം’ ഇനി നാട്ടിൽ മുഴങ്ങും
text_fieldsസക്കീർ ഹുസൈൻ തുവ്വൂർ
കാൽ നൂറ്റാണ്ട് കുവൈത്ത് മലയാളികളുടെ പൊതുശബ്ദമായി നിലകൊണ്ട സക്കീർ ഹുസൈൻ തുവ്വൂർ നാട്ടിലേക്ക് മടങ്ങി. പ്രഭാഷകനായും, സാമൂഹിക, സാംസ്കാരിക പ്രവർത്തകനായും മത പണ്ഡിതൻ എന്ന നിലയിലും വിവിധ മേഖലയിൽ തന്റെതായ മുദ്ര പതിപ്പിച്ചാണ് സക്കീർ ഹുസൈൻ തുവ്വൂരിന്റെ മടക്കം. വിവിധ സംഘടനകളും കൂട്ടായ്മകളും നിറഞ്ഞ പ്രവാസി മലയാളികൾക്കിടയിൽ ‘പൊതുസ്വീകാര്യൻ’ എന്ന വാക്കിന് എല്ലാംകൊണ്ടും അർഹൻ എന്ന് ഇതിനകം സക്കീർ ഹുസൈൻ തുവ്വൂരിന് ലഭിച്ച യാത്രയയപ്പുകൾ സാക്ഷ്യം.
പ്രവാസത്തിലേക്ക്
1998 ഡിസംബറിലാണ് സക്കീർ ഹുസൈൻ തുവ്വൂർ കുവൈത്തിൽ എത്തുന്നത്. 32 വയസ്സായിരുന്നു അന്ന്. നാട്ടിൽ തിരക്കേറിയ പൊതുജീവിതവും സംഘടന പ്രവർത്തനങ്ങളുമായി കഴിഞ്ഞിരുന്ന കാലം. എസ്.ഐ.ഒ സംസ്ഥാന കൂടിയാലോചന സമിതിയിലും മലപ്പുറം ജില്ല നേതൃത്വത്തിലും സജീവമായി പ്രവർത്തിച്ചുകൊണ്ടിരുന്ന സമയത്തായിരുന്നു ഈ പറിച്ചു നടൽ.
എന്നാൽ, അപരിചിതമായ ഒരു ദേശമായിരുന്നില്ല സക്കീർ ഹുസൈന് കുവൈത്ത്. സുഹൃത്തുക്കളും നാട്ടുകാരും സംഘടന പ്രവർത്തകരുമായി നിരവധി പേർ ഉള്ള കുവൈത്ത് അദ്ദേഹത്തെ ഹാർദമായി സ്വീകരിച്ചു. പിന്നീട് കുവൈത്തിന്റെ വ്യത്യസ്ത മേഖലയിൽ വളരെ പെട്ടെന്നു തന്നെ പേര് പതിപ്പിക്കാൻ അദ്ദേഹത്തിനായി.
സംഘടന ജീവിതം
1999 ഡിസംബറിൽ ഇസ്ലാമിക് യൂത്ത് അസോസിയേഷൻ രൂപവത്കരിക്കുമ്പോൾ പ്രഥമ പ്രസിഡന്റായി സക്കീർ ഹുസൈൻ തുവ്വൂർ തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കെ.ഐ.ജിയുടെ നേതൃത്വവും ഏറ്റെടുത്തു. കെ.ഐ.ജിയെ ഭദ്രമായ സംഘടന സംവിധാനങ്ങളിൽ വാർത്തെടുക്കുന്നതിൽ സക്കീർ ഹുസൈന്റെ നേതൃത്വം വളരെ വലിയ പങ്കാണ് വഹിച്ചത്.
ഇംഗ്ലീഷ് മദ്റസ, പ്രവാസി ഓഡിറ്റോറിയം, ഒരുമ തുടങ്ങിയ കുവൈത്ത് കെ.ഐ.ജി എന്നിങ്ങനെ ശ്രദ്ധേയ സ്തംഭങ്ങൾ തുടങ്ങിയത് സക്കീർ ഹുസൈൻ തുവ്വൂവിന്റെ നേതൃത്വ കാലയളവിലാണ്. കുവൈത്തിൽ ഗൾഫ് മാധ്യമം, മീഡിയവൺ എന്നിവയുടെ സ്ഥാപനത്തിലും വളർച്ചയിലും നിർണായക പങ്കും വഹിച്ചു.
നിരവധി കുരുന്നുകൾക്ക് ഖുർആൻ പഠിപ്പിച്ചും ഇസ്ലാമിന്റെ ബാലപാഠങ്ങൾ പകർന്ന് നൽകിയും ഫഹാഹീൽ ഫർവാനിയ, അബ്ബാസിയ മദ്റസകളിൽ പ്രധാന അധ്യാപകനായും അല്ലാതെയും സേവനം അനുഷ്ഠിച്ചു. കുവൈത്തിലെ വിവിധ മലയാളം പള്ളികളിൽ ഖുതുബകളും നിർവഹിച്ചുവന്നു. 26 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് സക്കീർ ഹുസൈൻ തുവ്വൂർ ചൊവ്വാഴ്ച നാട്ടിലേക്ക് തിരിച്ചു. കുവൈത്തിന്റെ മണ്ണിൽ നന്മയുടെ നാമ്പുകൾ നട്ടുവളർത്തിയും വിത്തുപാകിയുമുള്ള മടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

