ഏതു പാതിരാത്രിയും ഒറ്റക്കു നടക്കാം; സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് ആറാമത്
text_fieldsകുവൈത്ത് സിറ്റി: ഏതു പാതിരാത്രിയും ഒറ്റക്കു നടക്കാം, കുവൈത്ത് സുരക്ഷിതമാണ്. ഗാലപ്പ് ഗ്ലോബൽ സേഫ്റ്റി റിപ്പോർട്ടിൽ ലോകത്ത് സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് ആറാമതെത്തി. 91 ശതമാനം റേറ്റിങ്ങോടെയാണ് കുവൈത്ത് രാത്രി സുരക്ഷയുള്ള രാജ്യങ്ങളുടെ മുൻനിരയിൽ ഇടംപിടിച്ചത്.
144 രാജ്യങ്ങളിലെ 1.44 ലക്ഷം നിവാസികളെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ സിംഗപ്പൂർ ഒന്നാം സ്ഥാനത്തും തജിക്കിസ്താൻ രണ്ടാമതും എത്തി. റാങ്കിങ്ങിൽ ഇടംനേടിയ ആദ്യ 10 രാജ്യങ്ങളിൽ അഞ്ചും ഗൾഫ് രാജ്യങ്ങളാണ്. ഒമാൻ ലോക രാജ്യങ്ങളിൽ മൂന്നാമതും, സൗദി അറേബ്യ നാലാമതുമാണ്. ബഹ്റൈൻ, യു.എ.ഇ എന്നിവയാണ് രാത്രികാല സുരക്ഷയുടെ കാര്യത്തിൽ റാങ്കിങ്ങിൽ കുവൈത്തിന് തൊട്ടുപിറകിൽ.
ശക്തമായ ഭരണ, നിയമ സംവിധാനവും സാമൂഹിക ഐക്യവും അടിസ്ഥാനസൗകര്യങ്ങളും ഈ രാജ്യങ്ങളിൽ രാത്രിയിലും സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. രാത്രി ഒറ്റക്ക് നടക്കുമ്പോൾ സുരക്ഷിതമാണെന്ന് തോന്നുന്നുണ്ടോ, നിയമപാലകരിലുള്ള വിശ്വാസം എത്രത്തോളമാണ്, കഴിഞ്ഞ വർഷം മോഷണമോ ആക്രമണമോ അനുഭവിച്ചിട്ടുണ്ടോ എന്നതടക്കമുള്ള ചോദ്യങ്ങൾ സർവേയിലുണ്ടായിരുന്നു.
ലോകജനസംഖ്യയുടെ 73 ശതമാനം പേരും സ്വന്തം രാജ്യങ്ങളിൽ രാത്രി ഒറ്റക്ക് നടക്കുന്നത് സുരക്ഷിതമാണെന്ന് അഭിപ്രായപ്പെട്ടു. 20 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ശതമാനമാണിത്. 2006ൽ ഇത് 63 ശതമാനമായിരുന്നു. ആദ്യ പത്തിൽ ഇടംനേടിയ ഏക യൂറോപ്യൻ രാജ്യം നോർവേ ആണ്.
കുറ്റകൃത്യങ്ങളും നിയമസംരക്ഷണ ദുർബലതയും കാരണം ദക്ഷിണാഫ്രിക്കയെ ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യമായി കണ്ടെത്തി. ചിലി, ഇക്വഡോർ തുടങ്ങിയ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും താഴ്ന്ന റാങ്കിങ്ങിലാണ്.
സിംഗപ്പൂരിൽ 97 ശതമാനം സ്ത്രീകളും ഉൾപ്പെടെ 98 ശതമാനം നിവാസികളും സുരക്ഷിതത്വം അനുഭവപ്പെടുന്നതായി വ്യക്തമാക്കി. അമേരിക്കയിൽ സ്ത്രീകളിൽ 58 ശതമാനത്തിന് മാത്രമാണ് സുരക്ഷിതത്വം തോന്നുന്നതെന്ന് റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

