നവംബർ ഒമ്പതു മുതൽ പ്രവേശനം ജഹ്റ നേച്ചർ റിസർവ് സന്ദർശിക്കാം
text_fieldsകുവൈത്ത് സിറ്റി: വിന്റർ സീസണിൽ സന്ദർശകരെ സ്വീകരിക്കാൻ ഒരുങ്ങി ജഹ്റ നേച്ചർ റിസർവ്. നവംബർ ഒമ്പതുമുതൽ നേച്ചർ റിസർവ് പൊതുജനങ്ങൾക്കായി വീണ്ടും തുറക്കുമെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റി അറിയിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ സന്ദർശകർക്ക് പ്രകൃതിയുടെ വൈവിധ്യം അനുഭവിക്കാനും പക്ഷി-വന്യജീവികളെ നിരീക്ഷിക്കാനും ഇവിടെ എത്താം. ഒരാൾക്ക് രണ്ട് ദീനാർ ആണ് പ്രവേശന ഫീസ്. ടിക്കറ്റുകൾ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും കെ-നെറ്റ് സംവിധാനത്തിലൂടെയും ബുക്ക് ചെയ്യാം.
പ്രദേശം റിസർവ് ആയതിനാൽ സന്ദർശകർക്ക് കർശന നിയന്ത്രണങ്ങൾ ഉണ്ട്. ആളുകളെ സ്വന്തമായി അലഞ്ഞുതിരിയാൻ അനുവദിക്കില്ല. തിരഞ്ഞെടുത്ത ഏരിയകളിലേക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ. കുവൈത്തിന്റെ തെക്ക് -പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശത്ത് പത്തൊമ്പത് കിലോമീറ്റര്‍ ചുറ്റളവിലാണ് അപൂർവയിനം പക്ഷികളുടെയും ജീവിവർഗങ്ങളുടെയും ആവാസ കേന്ദ്രമായ ജഹ്റ റിസര്‍വ്. കുവൈത്തിലെത്തുന്ന തീർഥാടന പക്ഷികളുടെ പ്രധാന കേന്ദ്രവുമാണ് ജഹ്റ. വിവിധയിനം സസ്യങ്ങളും മനോഹരമായ ശുദ്ധ ജല തടാകവും ഉള്‍ക്കൊള്ളുന്നതാണ് പ്രദേശം. നഗരത്തിന്റെ അന്തരീക്ഷത്തിൽ നിന്ന് ഒഴിഞ്ഞ് സസ്യങ്ങളുടെയും ശുദ്ധ ജലത്തിന്റെയും പക്ഷികളുടെയും സാന്നിധ്യത്തിൽ കഴിയാൻ നിരവധി പേർ ഇവിടെ തെരഞ്ഞെടുക്കാറുണ്ട്. പക്ഷി നിരീക്ഷകരുടെയും ഫോട്ടോഗ്രാഫർമാരുടെയും പ്രധാന ഇടവുമാണിത്. ഇൻറര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കൺസര്‍വേഷന്‍ ഓഫ് നാച്വറിന്റെ (ഐ.യു.സി.എന്‍) ഗ്രീൻ ലിസ്റ്റിൽ ജഹ്റ നാച്ചുറല്‍ റിസര്‍വ് ഇടം പിടിച്ചിട്ടുണ്ട്. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു ശേഷം റിസർവ് ഇപ്പോൾ കൂടുതൽ സൗകര്യങ്ങളോടെയാണ് തുറക്കുന്നത്. വിന്റർ സീസൺ കഴിയുന്നതോടെ സന്ദർശകർക്ക് പ്രവേശനം ഉണ്ടാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

