ഇത് ‘അൽ അർഫാജി’ന്റെ പൂക്കാലം; മഞ്ഞവിരിപ്പണിഞ്ഞ് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: തണുപ്പിന്റെ മൂടുപടത്തിൽ നിന്ന് കത്തും വെയിലിന്റെ വേനൽ ചൂടിലേക്ക് മാറാനൊരുങ്ങുന്ന കുവൈത്തിന് ഇത് സുഖകരമായ കാലാവസഥയുടെ ഇടവേള. കുവൈത്തിന്റെ ഭൂപ്രകൃതി ഏറ്റവും സുന്ദരമായി കാണപ്പെടുന്ന ഈ ഘട്ടത്തിൽ ഭൂമിക്ക് മഞ്ഞചേലയുടുപ്പിച്ച് ‘അൽ അർഫാജ്’ പൂക്കളുമുണ്ട്.
കുവൈത്തിന്റെ മണൽപ്പരപ്പിൽ സുലഭമായി ഇപ്പോൾ ഈ മഞ്ഞപൂക്കളെ കാണാം. കുവൈത്തിലെയും അറേബ്യൻ ഉപദ്വീപിലെയും മരുഭൂമി പ്രദേശങ്ങളിൽ തഴച്ചുവളരുന്ന ‘അൽ അർഫാജ്’ പൂക്കുന്ന കാലമാണിത്. 20-60 സെന്റീമീറ്റർ ഉയരമുള്ള, മണ്ണിനോട് ചേർന്ന് വളരുന്ന കുറ്റിച്ചെടി മഞ്ഞ നിറത്തിലുള്ള സുന്ദര പൂക്കളുമായി കാഴ്ചക്കാരുടെ കണ്ണും മനസും നിറക്കും.
കട്ടിയുള്ളതും മെഴുകുപോലുള്ളതുമായ ഇലകളും വഴി ഈർപ്പം സംരക്ഷിക്കാനുള്ള കഴിവുള്ള ഈ ചെടിക്ക് വരൾച്ചയെ പ്രതിരോധിക്കാനുള്ള ഗുണങ്ങളുമുണ്ട്.
അതിജീവന ചിഹ്നം
കടുംവേനൽ എത്തുമ്പോൾ അപ്രത്യക്ഷമാക്കുന്ന ‘അൽ അർഫാജിന്’ സുന്ദര രൂപത്തിനൊപ്പം അതിജീവനത്തിന്റെയും കഥകൾ പറയുന്നുണ്ട്. ഇറാൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്തിന്റെ ദേശീയ പുഷ്പമായ അൽ അർഫാജ് ഐക്യത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും പ്രതീകമായി നിലകൊള്ളുന്നു.
കുവൈത്തിന്റെ വരണ്ട ഭൂപ്രകൃതിയിൽ വളരുന്ന അൽ അർഫാജ്, ഇറാൻ ആക്രമണത്തിന് കീഴടങ്ങാൻ വിസമ്മതിക്കുന്ന കുവൈത്തിന്റെ പ്രതീകമായി സോഷ്യൽ മീഡിയയിൽ നിറയുകയാണ്. വരണ്ട മരുഭൂമിയിൽ എല്ലാ പ്രതിസന്ധികളും മറികടന്ന് ഉയർന്നുവരുന്ന ഈ സുന്ദരരൂപം അങ്ങനെ തളരാത്ത പോരാട്ടത്തിന്റെ ചിഹ്നമായി മാറുന്നു. ഐക്യത്തിന്റെ പ്രതീക്ഷമാകുന്നു. എല്ലാ ഇരുണ്ട സമയങ്ങളും മറികടന്നു ശാന്തതയുടെ സുന്ദര പുതിയ രൂപങ്ങൾ പിറവിയെടുക്കുമെന്ന് ഓർമപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

