ലോക ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്: ഖത്തറിനോടും തോറ്റ് കുവൈത്ത് പുറത്തായി
text_fieldsലോക ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്പിൽ ഖത്തർ -കുവൈത്ത് മത്സരം
കുവൈത്ത് സിറ്റി: പുരുഷന്മാരുടെ ലോക ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്പിൽ ഗ്രൂപ് മത്സരങ്ങളിൽ ഒന്നിലും ജയിക്കാതെ കുവൈത്ത് പുറത്തായി. ഖത്തറിനോട് 22-25ന് പൊരുതിത്തോറ്റെങ്കിലും മുൻ മത്സരങ്ങളിൽ ആസ്ട്രിയ, ഫ്രാൻസ് എന്നിവയോട് തോറ്റതിനാൽ കുവൈത്തിന് സാധ്യതയൊന്നും ബാക്കിയുണ്ടായിരുന്നില്ല.
ഖത്തറിനെതിരെ കുവൈത്ത് ആദ്യ പകുതിയിൽ 11 -7ന് പിന്നിലായിരുന്നു. രണ്ടാം പകുതിയിൽ മികച്ച പ്രകടനം നടത്തി 15-14ന് മുന്നിലെത്തിയെങ്കിലും മൊത്തം സ്കോറിൽ പിന്നിലായി. 16 വർഷത്തിനുശേഷം ആദ്യമായാണ് കുവൈത്ത് ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയത്. നാലുതവണ ഏഷ്യൻ ചാമ്പ്യന്മാരായ കുവൈത്ത് എട്ട് തവണ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ട്. കുവൈത്തിനെ കൂടാതെ ഖത്തർ, ബഹ്റൈൻ, ഈജിപ്ത്, തുനീഷ്യ, അൾജീരിയ എന്നീ അറബ് രാജ്യങ്ങളും ടൂർണമെന്റിൽ മാറ്റുരച്ചു. ആകെ 32 ടീമുകളാണ് മത്സരിക്കുന്നത്. ക്രൊയേഷ്യ, നോർവേ, ഡെന്മാർക് എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നത്.

