ലോക ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്; കുവൈത്തിനെ കീഴടക്കി ഫ്രാൻസ്
text_fieldsലോക ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്പിലെ കുവൈത്ത്-ഫ്രാൻസ് മത്സരം
കുവൈത്ത് സിറ്റി: ലോക ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്പിലെ രണ്ടാമത് ഗ്രൂപ് മത്സരത്തിൽ കുവൈത്തിന് ഫ്രാൻസിനോട് തോൽവി പിണഞ്ഞു. ആദ്യമത്സരത്തിൽ ആസ്ട്രേലിയയോട് തോറ്റ കുവൈത്തിന് ഇനി ഗ്രൂപ് ഘട്ടത്തിൽ ഖത്തറുമായി മത്സരം ബാക്കിയുണ്ട്. ഫ്രാൻസിനോട് 43-19 സ്കോറിനാണ് കുവൈത്ത് കീഴടങ്ങിയത്.
ആദ്യ പത്തുമിനിറ്റ് കുവൈത്ത് ഒപ്പത്തിനൊപ്പം പിടിച്ചുനിന്നെങ്കിലും പിന്നീട് ഫ്രാൻസ് ആധിപത്യം ഉറപ്പിച്ചു. ആദ്യ പകുതിയിൽ 21-8ന് കുവൈത്ത് പിന്നിലായിരുന്നു. ഇടവേളയിൽ നിർത്തിയിടത്ത് നിന്ന് തുടങ്ങിയ ഫ്രാൻസ് കുവൈത്തിന് ഒരവസരവും നൽകാതെ ആധികാരികമായി ജയമുറപ്പിച്ചു. 16 വർഷത്തിന് ശേഷമാണ് കുവൈത്ത് പുരുഷന്മാരുടെ ലോക ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടുന്നത്. നാലുതവണ ഏഷ്യൻ ചാമ്പ്യന്മാരായ കുവൈത്ത് എട്ട് തവണ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ട്. 2009ൽ ക്രൊയേഷ്യയിലാണ് അവസാനമായി പങ്കെടുത്തത്.
ക്രൊയേഷ്യ, ഡെന്മാർക്, നോർവേ എന്നിവ സംയുക്തമായാണ് ഇത്തവണ ആതിഥേയത്വം വഹിക്കുന്നത്. കുവൈത്തിനെ കൂടാതെ ഖത്തർ, ബഹ്റൈൻ, ഈജിപ്ത്, തുനീഷ്യ, അൾജീരിയ എന്നീ അറബ് രാജ്യങ്ങളും ടൂർണമെന്റിൽ മാറ്റുരക്കുന്നു. ആകെ 32 ടീമുകളാണ് മത്സരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

