ലോക ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്: കുവൈത്ത് ടീം ഒരുങ്ങുന്നു
text_fieldsകുവൈത്ത് ഹാൻഡ്ബാൾ ടീം
കുവൈത്ത് സിറ്റി: അടുത്ത വർഷം ക്രൊയേഷ്യ, നോർവെ, ഡെന്മാർക്ക് എന്നിവിടങ്ങളിലായി നടക്കുന്ന ലോക ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിന് കുവൈത്ത് ടീം ഒരുക്കം തുടങ്ങി. ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ഗ്രൂപ് ‘സി’യിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഖത്തർ, ഫ്രാൻസ്, ഓസ്ട്രിയ എന്നിവരാണ് കുവൈത്തിനൊപ്പം ഈ ഗ്രൂപ്പിലുള്ളത്. ക്രൊയേഷ്യൻ തലസ്ഥാനമായ സാഗ്രെബിൽ നടന്ന നറുക്കെടുപ്പിലാണ് പങ്കെടുക്കുന്ന രാജ്യങ്ങളെ ഗ്രൂപ്പുകളാക്കി തിരിച്ചത്.
ഒരു ഗ്രൂപ്പിൽ നാലു രാജ്യങ്ങൾ എന്ന നിലയിൽ ഏഴു ഗ്രൂപ്പുകളിലായി 28 രാജ്യങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ജനുവരിയിൽ ബഹ്റൈനിൽ നടന്ന 21ാമത് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ നാലാം സ്ഥാനത്തെത്തിയാണ് ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയത്. ഫോം തുടരാനാകുമെന്നും ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം നടത്താനാകുമെന്നുമാണ് കുവൈത്ത് പ്രതീക്ഷ.

