ലോകകപ്പ് യോഗ്യത മത്സരം; കുവൈത്തിന് മടക്കം
text_fieldsകുവൈത്ത്- ദക്ഷിണകൊറിയ മത്സരത്തിൽനിന്ന്
കുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാൾ യോഗ്യത ഏഷ്യൻ മേഖല മത്സരത്തിൽ കുവൈത്തിന് ജയമില്ലാതെ മടക്കം.ചൊവ്വാഴ്ച നടന്ന അവസാന മത്സരത്തിൽ ദക്ഷിണകൊറിയയോട് നാലു ഗോളുകൾക്ക് കീഴടങ്ങിയ കുവൈത്ത് പ്ലേ ഓഫിലേക്ക് യോഗ്യത നേടാനാകാതെ പുറത്തായി. ദക്ഷിണ കൊറിയയിലെ സോൾ വേൾഡ്കപ്പ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ദക്ഷിണ കൊറിയയുടെ സമ്പൂർണ മേധാവിത്തമായിരുന്നു.
കളിയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ദക്ഷിണ കൊറിയ 30ാം മിനിറ്റിൽ ആദ്യ ഗോളുമായി മുന്നിലെത്തി. രണ്ടാം പകുതിയിൽ മൂന്നു ഗോൾ കൂടി നേടിയാണ് എകപക്ഷീയ വിജയം. ആറു രാജ്യങ്ങളടങ്ങിയ ഗ്രൂപ്പിൽ 10 മത്സരങ്ങളിൽനിന്ന് അഞ്ചു സമനിലയും അഞ്ചു തോൽവിയുമായി അഞ്ചു പോയന്റുമായി ഗ്രൂപ്പിൽ അവസാന സ്ഥാനത്തായാണ് കുവൈത്തിന്റെ മടക്കം. ദക്ഷിണ കൊറിയ, ജോർഡർ, ഇറാഖ്, ഒമാൻ, ഫലസ്തീൻ, കുവൈത്ത് എന്നിവ അടങ്ങിയ ഗ്രൂപ് ബിയിൽ ഒന്നാം സ്ഥാനം നേടിയ ദക്ഷിണ കൊറിയയും രണ്ടാമതുള്ള ജോർഡനും ലോകകപ്പ് ഫുട്ബാൾ യോഗ്യത നേടി. മൂന്നാമതുള്ള ഇറാഖ് ഏഷ്യൻ പ്ലേ ഓഫിലേക്കും യോഗ്യത നേടി.
ഏഷ്യൻ പ്ലേ ഓഫിലേക്കുള്ള രണ്ടാം ടീമിനെ ചൊവ്വാഴ്ച നടക്കുന്ന ഫലസ്തീൻ ഒമാൻ മത്സരം നിശ്ചയിക്കും. അവസാന മത്സരത്തിൽ കുവൈത്തിനെ മറകടന്നതോടെ ഫലസ്തീന് പ്രതീക്ഷകൾ തളിർത്തിട്ടുണ്ട്. ശനിയാഴ്ചയോടെ എഷ്യൻ വിഭാഗത്തിലെ മൂന്നാം റൗണ്ട് മത്സരങ്ങളും അവസാനിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.