ലോകകപ്പ് യോഗ്യത: കുവൈത്ത്, ആസ്ട്രേലിയ ഫുട്ബാൾ മത്സരം ഇന്ന്
text_fieldsലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരത്തിൽ ആസ്ട്രേലിയയെ നേരിടാനൊരുങ്ങുന്ന കുവൈത്ത് ടീം പരിശീലനത്തിൽ
കുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരത്തിൽ ഗ്രൂപ് ബിയിൽ കുവൈത്ത് വ്യാഴാഴ്ച കരുത്തരായ ആസ്ട്രേലിയയെ നേരിടും. 27 അംഗ ആസ്ട്രേലിയൻ ടീം കുവൈത്തിലെത്തിയിട്ടുണ്ട്. സ്പെയിൻകാരനായ പരിശീലകൻ അൻഡ്രസ് കാരസ്കോവിെൻറ നേതൃത്വത്തിൽ കുവൈത്തും ഒരുക്കം നടത്തിയിട്ടുണ്ട്.
നീലപ്പടക്കിത് നിർണായക മത്സരമാണ്. അതേസമയം, ഏഷ്യൻ ഗ്രൂപ്പിലെ ഏറ്റവും ശക്തരായ ആസ്ട്രേലിയക്കെതിരെ ജയം എളുപ്പമല്ല. ആദ്യ റൗണ്ടിൽ ഏറ്റുമുട്ടിയപ്പോൾ ഒാസീസിന് മൂന്ന് ഗോളിെൻറ ഏകപക്ഷീയ ജയം നേടാൻ കഴിഞ്ഞു. ഗ്രൂപ് ബിയിൽ അഞ്ചുകളിയിൽ പത്തു പോയൻറുമായി കുവൈത്ത് രണ്ടാമതാണ്. നാല് കളിയിൽ 12 പോയൻറുള്ള ആസ്ട്രേലിയയാണ് മുന്നിൽ.
നാല് കളിയിൽ ഏഴു പോയൻറുമായി ജോർഡനാണ് മൂന്നാം സ്ഥാനത്ത്. നേപ്പാളിന് അഞ്ചു കളിയിൽ മൂന്ന് പോയൻറുള്ളപ്പോൾ നാല് മത്സരം കളിച്ച തായ്വാന് പോയെൻറാന്നുമില്ല. ഒരു അട്ടിമറി ജയം തന്നെയാണ് സ്വന്തം മൈതാനത്ത് കുവൈത്ത് ആഗ്രഹിക്കുന്നത്.
ജൂൺ 11ന് ജോർഡനെതിരെയും 15ന് ചൈനീസ് തായ്പേയിക്കെതിരെയും കുവൈത്തിന് മത്സരമുണ്ട്. എല്ലാ മത്സരവും കുവൈത്തിലാണ് നടക്കുന്നത്. ശൈഖ് ജാബിർ സ്റ്റേഡിയത്തിൽ കാണികൾക്ക് പ്രവേശനമില്ലാതെയാണ് മത്സരം. രാത്രി പത്തിനാണ് കളി നടക്കുക.
പ്രതിരോധം ശക്തമാക്കി കൗണ്ടർ അറ്റാക്കിലൂടെ ഗോൾ നേടുകയെന്ന തന്ത്രമാകും കങ്കാരുനാടിനെതിരെ കുവൈത്ത് പുറത്തെടുക്കുക. കഴിഞ്ഞ നവംബറിൽ കാരസ്കോവ് പരിശീലകനായി ചുമതലയേറ്റ ശേഷം കുവൈത്ത് ടീം മെച്ചപ്പെട്ടിട്ടുണ്ട്.