ലോകകപ്പ് യോഗ്യത: ബി ഗ്രൂപ് ടീമുകൾ കുവൈത്തിൽ എത്തിത്തുടങ്ങി
text_fieldsലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് കുവൈത്തിലെത്തിയ ചൈനീസ് തായ്പേയ് ടീം
കുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരത്തിൽ ഗ്രൂപ് ബിയിലെ ടീമുകൾ കുവൈത്തിൽ എത്തിത്തുടങ്ങി. ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ നടന്നിരുന്ന മത്സരം കോവിഡ് പശ്ചാത്തലത്തിൽ ടീമുകളുടെ യാത്ര കുറക്കാനായി ഒറ്റ കേന്ദ്രത്തിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. ബി ഗ്രൂപ് മത്സരങ്ങൾ കുവൈത്തിലാണ് നടക്കുക.
ചൈനീസ് തായ്പേയ് ടീം തിങ്കളാഴ്ച കുവൈത്തിലെത്തി. നേപ്പാളിനെതിരെയാണ് അവരുടെ ആദ്യ മത്സരം. ആസ്ട്രേലിയ, നേപ്പാൾ, ജോർഡൻ ടീമുകൾ അടുത്തദിവസം എത്തും. ജൂൺ മൂന്നു മുതൽ 15 വരെയാണ് ബി ഗ്രൂപ് മത്സരങ്ങൾ നടക്കുക. മൂന്നിന് രാത്രി 10ന് ശൈഖ് ജാബിർ സ്റ്റേഡിയത്തിൽ ആതിഥേയരായ കുവൈത്ത് കരുത്തരായ ആസ്ട്രേലിയയെ നേരിടും.
ഏഷ്യൻ ഗ്രൂപ്പിലെ ഏറ്റവും ശക്തരായ ആസ്ട്രേലിയക്കെതിരെ വിജയിക്കാനായാൽ കുവൈത്തിന് ലോകകപ്പ് പ്രവേശനസാധ്യതയേറും. സ്പെയിൻകാരനായ പരിശീലകൻ അൻഡ്രസ് കാരസ്കോവിെൻറ നേതൃത്വത്തിൽ കഠിനമായ പരിശീലനത്തിലൂടെയും സൗഹൃദമത്സരങ്ങൾ കളിച്ചും തയാറെടുത്താണ് നീലപ്പട നിർണായക മൈതാനത്തിറങ്ങാൻ ഒരുങ്ങുന്നത്. ഗ്രൂപ് ബിയിൽ അഞ്ചു കളിയിൽ 10 പോയൻറുമായി കുവൈത്ത് രണ്ടാമതാണ്. നാലു കളിയിൽ 12 പോയൻറുള്ള ആസ്ട്രേലിയയാണ് മുന്നിൽ. നാലു കളിയിൽ ഏഴു പോയൻറുമായി ജോർഡനാണ് മൂന്നാം സ്ഥാനത്ത്. നേപ്പാളിന് അഞ്ചു കളിയിൽ മൂന്നു പോയൻറുള്ളപ്പോൾ നാലു മത്സരം കളിച്ച ചൈനീസ് തായ്പേയിക്ക് പോയെൻറാന്നുമില്ല.