ലോകകപ്പ് ഫുട്ബാൾ യോഗ്യത; കുവൈത്തിന് ഇന്ന് അവസാന മത്സരം
text_fieldsകുവൈത്ത് താരങ്ങൾ പരിശീലനത്തിൽ
കുവൈത്ത് സിറ്റി: 2026 ലോകകപ്പ് ഫുട്ബാൾ യോഗ്യത ഏഷ്യൻ മേഖല യോഗ്യതക്കായുള്ള അവസാന മത്സരത്തിൽ കുവൈത്ത് ഇന്ന് ദക്ഷിണ കൊറിയയെ നേരിടും. ദക്ഷിണ കൊറിയയിലെ സോൾ വേൾഡ്കപ്പ് സ്റ്റേഡിയത്തിൽ കുവൈത്ത് സമയം ഉച്ചകഴിഞ്ഞ് രണ്ടിനാണ് മത്സരം. കരുത്തരായ ദക്ഷിണ കൊറിയയുമായി വിജയപ്രതീക്ഷ ഇല്ലങ്കിലും മികച്ച പ്രകടനം പുറത്തെടുത്ത് മത്സരം അവസാനിപ്പിക്കാനാകും കുവൈത്ത് ശ്രമം.
കഴിഞ്ഞ മത്സരത്തിൽ ഫലസ്തീനോട് തോൽവി രുചിച്ചതോടെ ഗ്രൂപ്പിൽ ആറാം സഥാനത്തുള്ള കുവൈത്തിന് ഏഷ്യൻ പ്ലേ ഓഫിലേക്ക് യോഗ്യത നേടാനുള്ള അവസരം നഷ്ടപ്പെട്ടിരുന്നു. ഒമ്പതു മത്സരങ്ങളിൽ അഞ്ചുസമനിലയും നാലുതോൽവിയുമായി അഞ്ച് പോയന്റോടെ ആറാം സ്ഥാനത്താണ് കുവൈത്ത്. നിർണായക മത്സരങ്ങളിലെ സമനിലയും തോൽവിയുമാണ് കുവൈത്തിന് തടസ്സം തീർത്തത്.
ദക്ഷിണ കൊറിയ, ജോർഡൻ, ഇറാഖ്, ഒമാൻ, ഫലസ്തീൻ, കുവൈത്ത് എന്നിവ അടങ്ങിയ ഗ്രൂപ് ബിയിൽ 19 പോയന്റുമായി ഒന്നാം സ്ഥാനം നേടിയ ദക്ഷിണ കൊറിയയും 16 പോയന്റുമായി ജോർഡനും ലോകകപ്പ് ഫുട്ബാൾ യോഗ്യത നേടി. 12 പോയന്റുമായി ഇറാഖ് ഏഷ്യൻ പ്ലേ ഓഫിലേക്ക് യോഗ്യത നേടി. ഏഷ്യൻ പ്ലേ ഓഫിലേക്കുള്ള രണ്ടാം ടീമിനെ ചൊവ്വാഴ്ച നടക്കുന്ന ഫലസ്തീൻ ഒമാൻ മത്സരം നിശ്ചയിക്കും. ഗ്രൂപ്പിൽ 10 പോയന്റുള്ള ഒമാൻ നാലാം സ്ഥാനത്തും ഒമ്പത് പോയന്റുമായി ഫലസ്തീൻ അഞ്ചാം സ്ഥാനത്തുമാണ്. ശനിയാഴ്ചയോടെ മൂന്നാം റൗണ്ട് മത്സരങ്ങൾ അവസാനിക്കും.

