ലോകകപ്പ്: ഒരുമിച്ച് കണ്ടാഘോഷിച്ച് ഫുട്ബാൾ പ്രേമികൾ
text_fieldsഗ്രാന്റ് ഹൈപ്പർ ജീവനക്കാർ ഫർവാനിയയിലെ താസമസഥലത്ത് കളികാണുന്നു
കുവൈത്ത് സിറ്റി: ഖത്തർ ലോകകപ്പിന് ആവേശമൊരുക്കി കുവൈത്തിൽ ഫുട്ബാൾപ്രേമികൾ. ഒരുമിച്ചിരുന്ന് കളി ആസ്വദിച്ചാണ് പലരും ലോകകപ്പിനെ വരവേറ്റത്. കുവൈത്തികൾക്കും മലയാളികൾക്കും ഇടയിലെ ഇപ്പോഴത്തെ പ്രധാന ചർച്ച ഫുട്ബാളാണ്. ഇക്കാര്യത്തിൽ മലയാളികൾ ഏറെ മുന്നിലുമാണ്. മലയാളികൾക്കിടയിൽ ഈ മാസം തുടക്കംമുതലേ സമൂഹമാധ്യമങ്ങളിലും നാലു പേർ കൂടുന്നിടത്തുമെല്ലാം ചർച്ച ലോകകപ്പുതന്നെയാണ്.
വാട്സ്ആപ് ഗ്രൂപ്പുകളിൽ ഫാൻസുകൾ തമ്മിലുള്ള ഏറ്റുമുട്ടലുകളും വാദപ്രതിവാദങ്ങളും ശക്തമാണ്. പ്രവാസികളുടെ മുറികളിലും ജോലിസ്ഥലങ്ങളിലും എല്ലാവർക്കും പറയാനുള്ളത് ഫുട്ബാൾതന്നെ. വാട്സ്ആപ് ഗ്രൂപ്പുകളിലും താമസ-ജോലിസ്ഥലങ്ങളിലും ബ്രസീലുകാരനും അർജന്റീന ഫാൻസും പോർചുഗൽ ആരാധകരുമെല്ലാം ശക്തമായ 'പോരാട്ടത്തിലാണ്'.
മെസ്സിയും ക്രിസ്റ്റ്യാനോയും നെയ്മറുമാണ് പ്രധാന ചർച്ചാ വിഷയം. ഓരോ ടീമിന്റെയും ഫാൻസുകാർ പ്രത്യേക ഗ്രൂപ്പുകൾ നിർമിച്ച് അവലോകനവും ചർച്ചയും ആരംഭിച്ചിട്ടുമുണ്ട്. പ്രിയ ടീമിന്റെ ജഴ്സിയും പതാകയും സ്വന്തമാക്കിയും അണിഞ്ഞും ഇഷ്ടം പ്രകടിപ്പിക്കുന്നവരുമുണ്ട്.
ടി.വി ഇല്ലാത്ത മുറികളിൽ പലതിലും ലോകകപ്പിന്റെ പശ്ചാത്തലത്തിൽ ടെലിവിഷൻ എത്തിയിട്ടുണ്ട്. വൻ തുക മുടക്കി ചാനലുകൾ സബ്സ്ക്രൈബ് ചെയ്താണ് പലരും ലോകകപ്പ് കാണുന്നത്. മൊബൈലിൽ കളി കാണുന്നവരും ചുരുക്കമല്ല. അതേസമയം, ഒരുമിച്ച് ചേർന്നിരുന്ന് കളി കാണാനുള്ള തയാറെടുപ്പിലാണ് പലരും. സംഘമായിരുന്ന് കളികാണുമ്പോഴുള്ള ആവേശം വേറെതന്നെയാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ഫർവാനിയയിലെ ഐഡിയൽ ഓഡിറ്റോറിയത്തിൽ പ്രവാസി വെൽഫെയർ കുവൈത്ത് സംഘടിപ്പിച്ച സോക്കർ തിയറ്ററിൽ കളികാണുന്നതിനുള്ള വിപുല സൗകര്യമാണ് ഒരുക്കിയത്. നിരവധി പേരാണ് ഇവിടെ കളികാണാനെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

