ലോകകപ്പ്, ഏഷ്യൻ കപ്പ് യോഗ്യത; കുവൈത്ത് ടീം ഒരുക്കം തുടങ്ങി
text_fieldsകുവൈത്ത് ഫുട്ബാൾ ടീം പരിശീലനത്തിൽ
കുവൈത്ത് സിറ്റി: ഈ മാസം 16ന് കുവൈത്തിൽ ഇന്ത്യക്കെതിരെ നടക്കുന്ന 2026 ലോകകപ്പ്, 2027 ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾക്ക് കുവൈത്ത് ഫുട്ബാൾ ടീം ഒരുക്കം തുടങ്ങി. മത്സരത്തിനുള്ള 26 കളിക്കാർ ഉൾപ്പെടുന്ന ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ടീമിന്റെ പരിശീലനം ഫ്രണ്ട്ഷിപ് ആൻഡ് പീസ് സ്റ്റേഡിയത്തിൽ ആരംഭിച്ചു. മത്സരത്തിന് ഒരാഴ്ച മാത്രം ശേഷിക്കേ കഠിന പരിശീലനത്തിലാണ് കുവൈത്ത് ടീം. ഇന്ത്യ ശക്തമായ ടീമാണെങ്കിലും ഹോം ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ മേൽക്കൈ നേടാനാകുമെന്ന പ്രതീക്ഷയിലാണ് കുവൈത്ത്. പരിശീലനത്തിലൂടെ അതിനായുള്ള തന്ത്രങ്ങൾ ഒരുക്കുകയാണ് കോച്ച് റൂയി പിന്റോ. ഫഹദ് അൽ ഹജേരിയാണ് ടീം ക്യാപ്റ്റൻ.
വ്യാഴാഴ്ച രാത്രി ഏഴിന് ജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് മത്സരം. ദുബൈയിൽ പരിശീലനത്തിലുള്ള ഇന്ത്യൻ ടീം വൈകാതെ കുവൈത്തിൽ എത്തും. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഗ്രൂപ്പ് ‘എ’യിലെ ഇന്ത്യ-കുവൈത്ത് ആദ്യ മത്സരത്തിനാണ് 16ന് കുവൈത്ത് സാക്ഷിയാകുക.
കഴിഞ്ഞ ലോകകപ്പ് ആതിഥേയരും, നിലവിലെ ഏഷ്യൻ ചാമ്പ്യന്മാരുമായ ഖത്തർ, അഫ്ഗാനിസ്താൻ എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. ഓരോ ടീമും ഹോം, എവേ അടിസ്ഥാനത്തിൽ ഗ്രൂപ്പിൽ മാറ്റുരക്കും.
ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ 2027ൽ സൗദിയിൽ നടക്കുന്ന ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടും. ഒന്നും രണ്ടും സ്ഥാനക്കാർ 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിലും പ്രവേശിക്കും. ടിക്കറ്റ് വിൽപന 13ന് ആരംഭിക്കുമെന്നാണ് സൂചന. ഈ മാസം 21ന് കുവൈത്ത് അഫ്ഗാനിസ്താനെ നേരിടും. തജികിസ്താനിലെ ദുഷാൻബെ സ്റ്റേഡിയത്തിലാണ് മത്സരം. യോഗ്യത റൗണ്ടിലെ തുടർന്നുള്ള മത്സരങ്ങൾ അടുത്ത വർഷം മാർച്ചിൽ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

