ലോക ശുചീകരണ ദിനം; കടലോരം വൃത്തിയാക്കി സന്നദ്ധപ്രവർത്തകർ
text_fieldsസന്നദ്ധപ്രവർത്തകർ, സിവിൽ സർവിസുകാർ, പൊതു- സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ
എന്നിവരടങ്ങുന്ന സംഘം മുബാറക് അൽ കബീർ ഗവർണറേറ്റിലെ അൻജാഫ് ബീച്ച് ശുചീകരിക്കുന്നു
കുവൈത്ത് സിറ്റി: ലോക ശുചീകരണദിനത്തിൽ രാജ്യത്തെ വിവിധ ബീച്ചുകൾ ശുചീകരിച്ച് അധികൃതരും പരിസ്ഥിതി സംഘടനകളും. സന്നദ്ധപ്രവർത്തകർ, സിവിൽ സർവിസുകാർ, പൊതു, സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം മുബാറക് അൽ കബീർ ഗവർണറേറ്റിലെ അൻജാഫ് ബീച്ച് ശുചീകരിച്ചു.
വിവിധ പ്രായക്കാരുടെ സജീവ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി. പരിസ്ഥിതി അവബോധവും സന്നദ്ധ സേവന സംസ്കാരവും പ്രോത്സാഹിപ്പിക്കാനായിരുന്നു പരിപാടിയുടെ ലക്ഷ്യം. പരിസ്ഥിതിയെ സംരക്ഷിച്ച് ഭാവി തലമുറകൾക്ക് കൈമാറാനുള്ള ഇത്തരം സംരംഭങ്ങളിൽ എല്ലാവരും പങ്കാളികളാകണമെന്ന് മുബാറക് അൽ കബീർ, ഹവല്ലി ഗവർണർ ശൈഖ് സബാഹ് ബദർ സബാഹ് അൽ സാലിം അസ്സബാഹ് ആഹ്വാനം ചെയ്തു.
സന്നദ്ധസേവനവും ബീച്ചുകളുടെ ശുചിത്വം സംരക്ഷിക്കലും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ‘കാഫോ’ അസോസിയേഷനുമായി ഏകോപിപ്പിച്ചാണ് ശുചീകരണം നടത്തിയത്.
കുവൈത്ത് ഡൈവ് ടീമിന്റെ എൻവയോൺമെന്റൽ വോളന്ററി ഫൗണ്ടേഷൻ (ഇ.വി.എഫ്) നേതൃത്വത്തിൽ കുവൈത്ത് ടവേഴ്സ് തീരം വൃത്തിയാക്കി. നിരവധി പ്ലാസ്റ്റിക്, മൈക്രോപ്ലാസ്റ്റിക് മാലിന്യങ്ങളും പഴയ പരവതാനി കഷണങ്ങളും സംഘം നീക്കം ചെയ്തു. കടൽത്തീരങ്ങളിൽനിന്നും ജലപാതകളിൽ നിന്നും മാലിന്യങ്ങൾ ശേഖരിച്ച് വൃത്തിയാക്കുക, സമുദ്ര പരിസ്ഥിതിയുടെ പ്ലാസ്റ്റിക് മാലിന്യം ആയിരക്കണക്കിന് സമുദ്രജീവികളെയും പക്ഷികളെയും ആമകളെയും കൊല്ലുമെന്നും സമുദ്ര പരിസ്ഥിതി ശുചിത്വം സംരക്ഷിക്കേണ്ടത് പ്രധാനമാണെന്നും ഇ.വി.എഫ് ടീം ഇന്റർനാഷനൽ റിലേഷൻസ് ഓഫിസർ ഡോ. ദാരി അൽ ഹുവൈൽ പറഞ്ഞു. എല്ലാ വർഷവും സെപ്റ്റംബർ മൂന്നാം ശനിയാഴ്ചയാണ് ലോക ശുചീകരണ ദിനമായി ആചരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

