‘ഒരുമിച്ച് നമ്മൾ കഥകൾ നെയ്യുന്നു’ പ്രദർശനത്തിന് മികച്ച സ്വീകാര്യത
text_fieldsസാധു സൊസൈറ്റി സംഘടിപ്പിച്ച ‘ഒരുമിച്ച് നമ്മൾ കഥകൾ നെയ്യുന്നു’ നെയ്ത്തുവസ്ത്ര പ്രദർശനം
കുവൈത്ത് സിറ്റി: പഴമയുടെ തനിമ നിലനിർത്താനും പാരമ്പര്യ നെയ്ത്തുകലയുടെ ഗരിമ തിരിച്ചുപിടിക്കാനും ലക്ഷ്യമിട്ട് സാധു സൊസൈറ്റി സംഘടിപ്പിച്ച കമ്പിളി നെയ്ത്തുവസ്ത്ര പ്രദർശനത്തിന് മികച്ച സ്വീകാര്യത. അതുകൊണ്ടുതന്നെ മേള ഫെബ്രുവരി അവസാനം വരെ നീട്ടാൻ തീരുമാനിച്ചിരിക്കുകയാണ്. ‘ഒരുമിച്ച് നമ്മൾ കഥകൾ നെയ്യുന്നു’ എന്ന പ്രമേയത്തിലാണ് പ്രദർശനം. കുവൈത്തിലെ പരമ്പരാഗത നെയ്ത്ത് ഉൽപന്നമായ സാധുവിന്റെ പ്രചാരണത്തിനായി രൂപം നൽകിയ അൽ സാധു ഹാൻഡ്ക്രാഫ്റ്റ് കോ-ഓപറേറ്റിവ് സൊസൈറ്റിയാണ് (സാധു സൊസൈറ്റി) ഈ ഉദ്യമത്തിന് നേതൃത്വം നൽകുന്നത്. കഴിഞ്ഞയാഴ്ചയാണ് പ്രധാനമന്ത്രി ശൈഖ് അഹ്മദ് അൽ അബ്ദുല്ല അസ്സബാഹ് കമ്പിളി ഫാക്ടറി ഉദ്ഘാടനം ചെയ്തതിനോടനുബന്ധിച്ചാണ് പ്രത്യേക പ്രദർശനം സംഘടിപ്പിച്ചത്.
സാധു ക്രാഫ് അസോസിയേഷൻ ഡയറക്ടർ ബോർഡ് ചെയർവുമൺ ശൈഖ ബിലി ദുഐജ് അസ്സബാഹ് ആണ് മുന്നിൽനിന്ന് നയിക്കുന്നത്. ജി.സി.സി രാജ്യങ്ങളിൽ ആദ്യമായാണ് ഇത്തരമൊരു എക്സിബിഷൻ. സിന്തറ്റിക് ഉൽപന്നങ്ങളുടെ വരവോടെ തണുപ്പുകാലത്തെ വരവേൽക്കാൻ പരമ്പരാഗതമായി അറബികൾ ഉപയോഗിച്ച് വന്ന കമ്പിളി വസ്ത്രങ്ങൾക്ക് ക്രമേണ വിപണി നഷ്ടപ്പെട്ടു.
ബിദൂനികളാണ് കൂടുതലും ഇത്തരം വസ്ത്രങ്ങൾ ഉപയോഗിക്കുന്നത്. ചെമ്മരിയാടിന്റെ രോഗത്തിൽനിന്ന് തദ്ദേശീയമായി ഉൽപാദിപ്പിക്കുന്ന സൂഫ് വസ്ത്രങ്ങൾക്ക് പ്രചാരം വർധിക്കുന്നത് വഴി ഒരുപാട് സാധാരണക്കാർക്ക് തൊഴിലും സ്ഥിരവരുമാനവും ലഭിക്കും. സമ്പദ് വ്യവസ്ഥക്കും ഗുണം ചെയ്യുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. രാജ്യത്തിനകത്തും പുറത്തും സാധു ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്താൻ പ്രത്യേക പ്രചാരണം നടത്തുമെന്ന് ശൈഖ ബിലി ദുഐജ് അസ്സബാഹ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

