വനിത പൊലീസ് ഇല്ലാതെ സ്ത്രീകളുടെ വാഹനം പരിശോധിക്കരുത് -കോടതി
text_fieldsകുവൈത്ത് സിറ്റി: വനിത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ സ്ത്രീകളുടെ വാഹനങ്ങൾ പരിശോധിക്കാൻ പാടില്ലെന്ന് കുവൈത്ത് ക്രിമിനൽ കോടതി വിധി. ഇത്തരത്തിൽ നടത്തുന്ന ഏതൊരു പരിശോധനയും നിയമപരമായി അസാധുവാണെന്നും കോടതി വ്യക്തമാക്കി. കൗൺസിലർ മുതാബ് അൽ അർദിയുടെ അധ്യക്ഷതയിലുള്ള ക്രിമിനൽ കോടതിയുടേതാണ് വിധി.
വനിത ഉദ്യോഗസ്ഥ ഇല്ലാതെ സ്ത്രീയുടെ വാഹനം പൊലീസ് ഉദ്യോഗസ്ഥർ പരിശോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ഈ കേസിൽ അഡ്വ. ആയേദ് അൽ റാഷിദി സമർപ്പിച്ച വാദം അംഗീകരിച്ച കോടതി മയക്കുമരുന്ന് കൈവശം വെച്ചെന്ന കുറ്റത്തിൽനിന്ന് പ്രതിയെ വെറുതെ വിട്ടു.
ഭരണഘടനാപരമായ സംരക്ഷണങ്ങളും വ്യക്തിഗത സ്വകാര്യതയെ സംരക്ഷിക്കുന്ന നിയമതത്ത്വങ്ങളും അനുസരിച്ച് ഒരു വാഹനം വ്യക്തിയുടെ സ്വകാര്യ ഇടത്തിന്റെ വിപുലീകരണമായി കണക്കാക്കണമെന്ന് കോടതി നിരീക്ഷിച്ചു. അതിനാൽ സ്ത്രീകളെയും അവരുടെ വാഹനങ്ങളെയും പരിശോധിക്കുമ്പോൾ വനിത ഉദ്യോഗസ്ഥരുടെ സാന്നിധ്യം അനിവാര്യമാണ്. പരിശോധനകളിലും പിടിച്ചെടുക്കലുകളിലും നടപടിക്രമങ്ങളുടെ കൃത്യത ഉറപ്പാക്കുന്നതിനും സ്ത്രീകളുടെ അന്തസ്സും സ്വകാര്യതയും സംരക്ഷിക്കുന്നതിനും ഈ വിധി ശക്തി പകരുന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

