നയതന്ത്ര മേഖലയിലും സ്ത്രീകൾ വെല്ലുവിളികൾ നേരിടുന്നു
text_fieldsകുവൈത്തിലെ കെനിയൻ അംബാസഡർ ഹലീമ അബ്ദില്ല മഹ്മൂദ്
കുവൈത്ത് സിറ്റി: കുവൈത്തിലെ കെനിയൻ അംബാസഡറായതു വരെയുള്ള കരിയറിലെ അനുഭവങ്ങൾ 'ദ ടൈംസ് കുവൈത്തു'മായി പങ്കുവെച്ച് ഹലീമ അബ്ദില്ല മഹ്മൂദ്. യൂനിവേഴ്സിറ്റി പഠനകാലത്ത് വിദ്യാർഥി നേതാവായാണ് പൊതുജീവിതത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നതെന്ന് അവർ പറഞ്ഞു. 2011ൽ താൻ സർക്കാറിതര ഓർഗനൈസേഷനിൽ പ്രവർത്തിച്ചിരുന്നു.
ആ സമയത്ത് നല്ല ഭരണത്തെയും പുതിയ ഭരണഘടനയെയും കുറിച്ച് ജനങ്ങൾക്ക് ബോധവത്കരണം നൽകേണ്ടതിന്റെ പ്രാധാന്യം ബോധ്യമായി. ഇതാണ് സിവിൽ സർവിസ് മേഖലയിലേക്ക് തിരിയുന്നതിനുതന്നെ പ്രചോദിപ്പിച്ചത്.
കരിയർ തിരഞ്ഞെടുക്കുന്നതിലേക്ക് സ്വാധീനിച്ച നിരവധി ഉപദേഷ്ടാക്കൾ ഉണ്ടായിരുന്നെന്നും ഇക്കൂട്ടത്തിൽ ധാരാളം വനിതകളുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. പൊതുപ്രവർത്തന രംഗത്തെ വനിതകളുടെ പ്രാതിനിധ്യത്തെക്കുറിച്ചും അവർ നേരിടുന്ന വെല്ലുവിളികളും അത് മറികടക്കാനുള്ള മാർഗങ്ങളെക്കുറിച്ചും അവർ പറഞ്ഞു.
മറ്റ് മേഖലകളെപ്പോലെ നയതന്ത്ര മേഖലയിലും സ്ത്രീകൾ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നതിന് തന്റെ അനുഭവം സാക്ഷിയാണ്. സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട് കുവൈത്ത് ചെയ്യുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയാണ്.
സ്ത്രീകൾക്ക് വോട്ടവകാശം നൽകിയതും ജുഡീഷ്യറിയിൽ വനിത ജഡ്ജിമാരെ നിയമിച്ചതുമെല്ലാം കുവൈത്ത് തുടങ്ങിവെച്ച മികച്ച സ്ത്രീശാക്തീകരണ കാൽവെപ്പുകളാണ്.
ജി.സി.സിയിൽ വനിത ജഡ്ജിമാരെ നിയമിച്ച ആദ്യ രാജ്യമാണ് കുവൈത്ത്. ഇവിടെ നടക്കുന്ന മുഴുവൻ ശാക്തീകരണ പ്രവർത്തനങ്ങൾക്കും താൻ മുന്നിൽനിൽക്കുമെന്നും അവർ പറഞ്ഞു. നയതന്ത്ര ലോകത്തിന് താരതമ്യേന പുതിയ ആളാണെങ്കിലും സജീവമായ പങ്കാളിത്തവും ക്രിയാത്മക സമീപനവുംകൊണ്ട് കുവൈത്ത് നയതന്ത്ര വൃത്തങ്ങളിൽ വളരെ വേഗത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ഹലീമ അബ്ദില്ല മഹ്മൂദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

