ശൈത്യകാലം ആഘോഷമാക്കാം...
text_fieldsകുവൈത്ത് സിറ്റി: വിനോദവും സാഹസികതയും ഒന്നിക്കുന്ന കാഴ്ചകളുടെയും അനുഭവങ്ങളുടെയും മേളയായ വിന്റർ വണ്ടർലാൻഡ് വിനോദ പാര്‍ക്ക് ഒരുങ്ങി. ഞായറാഴ്ച മുതൽ പൊതുജനങ്ങള്‍ക്ക് പാർക്ക് തുറന്നുകൊടുക്കും. ശൈത്യകാലം ആഘോഷിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഷാബ് പാര്‍ക്കിലെ വണ്ടർ ലാൻഡിൽ ഒരുക്കിയതായി ടൂറിസ്റ്റ് എന്റർപ്രൈസസ് കമ്പനി അധികൃതര്‍ അറിയിച്ചു.
അവധിദിവസങ്ങളില്‍ ഉച്ചക്ക് ഒരു മണി മുതൽ രാത്രി 12 മണിവരെയും മറ്റു ദിവസങ്ങളില്‍ വൈകീട്ട് അഞ്ചു മുതൽ രാത്രി 12 മണി വരെയുമായിരിക്കും പാർക്കിന്റെ പ്രവര്‍ത്തനം. എല്ലാ പ്രായത്തിലുമുള്ള സന്ദർശകരെ ആകർഷിക്കുന്ന വിധത്തിൽ വിവിധ റൈഡുകൾ വിന്റർ വണ്ടർ ലാൻഡിന്റെ പ്രത്യേകതയാണ്. അഞ്ചു ദീനാറാണ് പ്രവേശന ഫീസ്. ഒരാൾക്ക് പ്രതിദിനം പരമാവധി 10 ടിക്കറ്റുകള്‍ മാത്രമാണ് അനുവദിക്കുക. നാലു വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.
സ്വദേശികള്‍ക്കും വിദേശികള്‍ക്കും കുടുംബത്തോടെ എത്തി ശൈത്യകാലം ആഘോഷിക്കാനുള്ള എല്ലാ സൗകര്യങ്ങളും പാര്‍ക്കില്‍ ഒരുക്കുമെന്നും സാഹസികതയും കൗതുകവും ഇഷ്ടപ്പെടുന്നവർക്ക് മികച്ച അനുഭവമായിരിക്കും വിന്റർ വണ്ടർലാൻഡ് നൽകുകയെന്നും ടൂറിസ്റ്റ് എന്റർപ്രൈസസ് കമ്പനി ചെയർമാൻ മുഹമ്മദ് അൽ സഖാഫ് പറഞ്ഞു. സന്ദര്‍ശകര്‍ക്കായി വിശാലമായ പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. നാലു മാസത്തിനുള്ളിലാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.

