കുവൈത്തിൽ ശീതകാലം വൈകും, നവംബർ പകുതിവരെ വേനൽ തുടരും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ശീതകാലം ആരംഭിക്കുന്നത് വൈകുമെന്ന് സൂചന. നവംബർ പകുതിവരെ വേനൽ തുടരുമെന്നും ഈ ഒരാഴ്ച മധ്യ അറേബ്യൻ പെനിൻസുലയും അറേബ്യൻ ഗൾഫിനെ അഭിമുഖീകരിക്കുന്ന തീരത്തും അന്തരീക്ഷമർദം ഉയരാൻ സാധ്യതയുണ്ടെന്നും ജ്യോതിശാസ്ത്ര വിദഗ്ധൻ ആദിൽ അൽ മർസൂഖ് വ്യക്തമാക്കി. 1013 മുതൽ 1018 മില്ലി ബാർവരെ അന്തരീക്ഷമർദം ഉള്ള ഹോട്ട്‌സ്‌പോട്ടുകൾ തെക്കുഭാഗത്തേക്ക് രൂപപ്പെടും. പടിഞ്ഞാറൻ കാറ്റിനൊപ്പം വീശുന്ന സുഡാനിലെ ന്യൂനമർദ സാന്നിധ്യത്തോട് കുവൈത്ത് കൂടുതൽ അടുത്തു വരുംദിവസങ്ങളിൽ ഇതിന്റെ സാന്നിധ്യം പ്രകടമാകും.
ആകാശത്ത് മേഘങ്ങൾ പെരുകുമെന്ന് പ്രതീക്ഷിക്കുന്നതായും ആദിൽ അൽ മർസൂഖ് സൂചിപ്പിച്ചു. കാലാവസ്ഥ വരുംദിവസങ്ങളിൽ ചെറുതായി ചൂടായിരിക്കും. രാത്രി 17 മുതൽ 21 ഡിഗ്രി സെൽഷ്യസിനുമിടയിലും പകൽ 36 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെയുമാകും താപനില. അടുത്തമാസം പകുതിവരെ വേനൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശീതകാലം ഡിസംബർ മുതൽ ആരംഭിക്കാം.
ഈ കാലയളവിൽ, രാത്രികൾ നീണ്ടുനിൽക്കുകയും പകൽ കുറവുമായിരിക്കും. പകൽ ഏകദേശം 11 മണിക്കൂർവരെയായി ചുരുങ്ങാം. ഡിസംബർ 21 വരെ ഇത് തുടരുമെന്നു പ്രതീക്ഷിക്കുന്നു. ശീതകാലത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നവയാണ് ഇതെന്നും ആദിൽ അൽ മർസൂഖ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

