മഴ വരുന്നു; താപനില കുറയും
text_fieldsകുവൈത്ത് സിറ്റി: കൊടുംചൂട് പകർന്ന ദിവസങ്ങളിൽനിന്ന് രാജ്യം തണുപ്പിന്റെ മേൽവസ്ത്രം പുതക്കാനൊരുങ്ങുന്നു. രാജ്യത്ത് കാലാവസഥ മാറ്റത്തിന്റെ സൂചനകൾ അനുഭവപ്പെട്ടുതുടങ്ങി. വൈകാതെ താപനില കുറഞ്ഞുവരുകയും കടുത്ത തണുപ്പുകാലത്തേക്ക് പ്രവേശിക്കുകയും ചെയ്യും. വ്യാഴാഴ്ച മുതൽ ചാറ്റൽമഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകൻ ഇസ റമദാൻ അറിയിച്ചു. ഉപരിതല ന്യൂനമർദവും ഈർപ്പമുള്ള അന്തരീക്ഷവും കാരണം വെള്ളി, ശനി, ഞായർ ദിവസങ്ങളിലും മഴ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച മുതൽ താപനിലയിലും ഗണ്യമായ കുറവുണ്ടാകും. നേരിയ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.
രാജ്യത്ത് ശൈത്യകാലം ഒക്ടോബർ 15ന് ആരംഭിക്കുമെന്ന് അൽ ഒജൈരി സയന്റിഫിക് സെന്റർ നേരത്തേ വ്യക്തമാക്കിയിരുന്നു. ശൈത്യകാലം നാലു ഘട്ടങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ഓരോ ഘട്ടവും 13 ദിവസം നീണ്ടുനിൽക്കും.
ഈ കാലയളവിൽ സൂര്യൻ തെക്കോട്ട് ചായുന്നത് തുടരും. അതിന്റെ ഫലമായി പകൽസമയത്ത് താപനില കുറയുകയും മിതമായ കാലാവസ്ഥ ആരംഭിക്കുകയും ചെയ്യും. മഞ്ഞുകാലത്തിന്റെ ആദ്യ സൂചനയായാണ് ഈ സീസണിനെ കണക്കാക്കുന്നത്.
മഴക്കാലം മുന്നിൽകണ്ട് എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഹൈവേകളിലെ മാൻഹോൾ കവറുകൾ മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. മഴക്കാലത്ത് രക്ഷാപ്രവർത്തനങ്ങള്‍ക്കും അടിയന്തര സഹായങ്ങള്‍ എത്തിക്കാനുമായി ഓപറേഷന് റൂം സജ്ജമാക്കും. മഴയത്ത് വാഹനം ഓടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും അപകടങ്ങൾക്ക് കാരണമാകുന്ന വിധം വാഹനം ഡ്രൈവ് ചെയ്യരുതെന്നും അധികൃതർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

