ശൈത്യകാലമെത്തുന്നു; ദേശാടനപ്പക്ഷികളും
text_fieldsകുവൈത്തിൽ കണ്ടെത്തിയ അപൂർവ ദേശാടനപ്പക്ഷികൾ
കുവൈത്ത് സിറ്റി: ശൈത്യകാലത്തിന്റെ വരവിനൊപ്പം രാജ്യത്ത് അപൂർവ ദേശാടനപ്പക്ഷികളും എത്തിതുടങ്ങി. കുവൈത്ത് ഫോട്ടോഗ്രാഫറും പരിസ്ഥിതി പ്രവർത്തകനുമായ ഡോ. അബ്ദുല്ല അൽ സൈദാനാണ് അപൂർവ ദേശാടനപ്പക്ഷികളെ പകർത്തിയത്. ഷുവൈഖ് പബ്ലിക് പാർക്കിൽനിന്ന് നീണ്ട ചെവിയുള്ള മൂങ്ങ, ഒരു കുറിയ ചെവിയുള്ള മൂങ്ങ, ജഹ്റ നേച്ചർ റിസർവിൽനിന്ന് ഈസ്റ്റേൺ ഇംപീരിയൽ ഈഗിൾ എന്നിവയുടെ ചിത്രങ്ങളാണ് പകർത്തിയത്.
രാജ്യത്തെ പ്രകൃതിദത്ത ആവാസവ്യവസ്ഥകൾ ദേശാടനപ്പക്ഷികൾക്ക് സുരക്ഷിതമായ അന്തരീക്ഷവും സൗകര്യവും നൽകുന്നതായി ഡോ. അബ്ദുല്ല അൽ സൈദാനാൻ പറഞ്ഞു. ദേശാടനപ്പക്ഷികൾക്ക് ഇത് കുവൈത്തിനെ പ്രധാന ഇടത്താവളമാക്കുന്നു.
രാജ്യത്ത് നീണ്ട ചെവിയുള്ള മൂങ്ങയെ കാണുന്നത് അപൂർവമാണ്. നവംബർ മുതൽ മാർച്ച് വരെയുള്ള ദേശാടന സീസണിൽ 11 തവണയാണ് ഇവയെ രേഖപ്പെടുത്തിയിട്ടുള്ളത്. ചെവി പോലുള്ള രണ്ട് പ്രധാന തൂവൽ മുഴകൾ, ആകർഷകമായ ഓറഞ്ച് കണ്ണുകൾ, രാത്രിയിൽ വേട്ടയാടുന്ന ശീലങ്ങൾ എന്നിവയാണ് മൂങ്ങയുടെ പ്രത്യേകത.
കുവൈത്തിൽ കണ്ടെത്തിയ അപൂർവ ദേശാടനപ്പക്ഷികൾ
ചെറിയ സസ്തനികളെയും പക്ഷികളെയുമാണ് ഇവ ആഹാരമാക്കുന്നത്. കൃഷിഭൂമികൾ, കൃഷിയിടങ്ങൾ, പൊതു പാർക്കുകൾ, ജഹ്റ റിസർവ്, സുലൈബിയ, വഫ്ര, അബ്ദലി ഫാമുകൾ തുടങ്ങിയ സംരക്ഷിത ഹരിത ഇടങ്ങൾ ഉൾപ്പെടെയുള്ള ഇടതൂർന്ന വനപ്രദേശങ്ങളും തണലുള്ള പ്രദേശങ്ങളുമാണ് ഇവ ഇഷ്ടപ്പെടുന്നത്.
കുറിയ ചെവിയുള്ള മൂങ്ങ തുറന്ന അന്തരീക്ഷത്തെ ഇഷ്ടപ്പെടുന്നതും പകൽ സമയത്ത് സജീവവുമായിരിക്കും.
ചെറുതും വ്യക്തമല്ലാത്തതുമായ ചെവി പോലുള്ള തൂവലുകൾ, ഇളം നിറത്തിലുള്ള വൃത്താകൃതിയിലുള്ള മുഖം, മഞ്ഞ കണ്ണുകൾ എന്നിവയാണ് ഇവയുടെ പ്രത്യേകത.
കുവൈത്തിൽ കണ്ടെത്തിയ അപൂർവ ദേശാടനപ്പക്ഷികൾ
കുവൈത്തിൽ അസാധാരണവും വംശനാശഭീഷണി നേരിടുന്നതുമായ ശൈത്യകാല സന്ദർശകനാണ് ഈസ്റ്റേൺ ഇംപീരിയൽ ഈഗിൾ. കിഴക്കൻ യൂറോപ്പ്, മിഡിലീസ്റ്റ്, മധ്യേഷ്യ എന്നിവിടങ്ങളിൽനിന്ന് എത്തുന്ന ഈ കഴുകന് 72 മുതൽ 90 സെന്റീമീറ്റർ വരെ നീളമുണ്ട്. ചിറകുകളുടെ വിസ്താരം രണ്ട് മീറ്ററിനടുത്ത് വരും.
കടുംതവിട്ട് നിറത്തിലുള്ള തൂവലുകൾ, ഇളം സ്വർണനിറത്തിലുള്ള കഴുത്ത്, പറക്കുമ്പോൾ ദൃശ്യമാകുന്ന വ്യതിരിക്തമായ വെളുത്ത തോളിൽ പാടുകൾ എന്നിവയാണ് ഇവയുടെ പ്രത്യേകത. വനം, മരുഭൂമികൾ, കൃഷിയിടങ്ങൾ എന്നിവിടങ്ങളിലാണ് ഇവ വസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

